Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമർനാഥ് ഭീകരാക്രമണം: നടുക്കം മാറാതെ രാജ്യം; കേന്ദ്രം ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷം

AFP_QH7RM ഭീകരാക്രമണത്തെത്തുടർന്ന് മേഖലയിൽ ബിഎസ്എഫ് കാവൽ ശക്തമാക്കിയപ്പോൾ.

സൂറത്ത്∙ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് അമർനാഥ് തീർഥാടകരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു മൃതദേഹങ്ങൾ എത്തിച്ചത്. തീർഥാടകരുടെ കൊലയ്ക്കു പകരം ചോദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്ത്–മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുളള തീർഥാടകർ അമർനാഥ് ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണു തിങ്കളാഴ്ച പുലർച്ചെ ഭീകരാക്രമണത്തിന് ഇരകളായത്. കൊല്ലപ്പെട്ടവരിൽ ആറും സ്ത്രീകളാണ്. അഞ്ചുപേർ ഗുജറാത്ത് സ്വദേശികളും രണ്ടുപേർ മഹാരാഷ്ട്രക്കാരും. 19 പേർക്കു പരുക്കേറ്റു.

ബസിലുണ്ടായിരുന്ന അറുപതോളം തീർഥാടകരിൽ 11 പേർ മഹാരാഷ്ട്രയിൽനിന്നാണ്. ബാക്കിയെല്ലാവരും ഗുജറാത്തിൽനിന്നും. അതേസമയം, ശക്തമായ ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും തീർഥാടക സുരക്ഷയിലുണ്ടായ പരാജയത്തെപ്പറ്റി കേന്ദ്രസർക്കാർ ആത്മപരിശോധന നടത്തണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തെ 18 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രമേയത്തിലൂടെ അപലപിച്ചു. ഗുരുതരവും അംഗീകരിക്കാനാകാത്തതുമായ സുരക്ഷാവീഴ്ചയാണുണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിന്റെ ഉത്തരവാദിത്തമേൽക്കണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. മാനവികതയ്ക്കുമേലുള്ള കുറ്റകൃത്യമാണു നടന്നതെന്നും കർശനമായ നടപടികൾ വേണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ആവശ്യപ്പെട്ടു.

അതിനിടെ, 22,633 അമർനാഥ് തീർഥാടകർ കൂടി ഇന്നലെ 68 തീർഥാടകവാഹനങ്ങളിലായി ജമ്മുവിലെ ബൽട്ടാൽ, പഹാൽഗം ക്യാംപുകളിൽനിന്ന് പുറപ്പെട്ടു. തീർഥാടനപാതയിൽ 21,000 അർധസൈനികർക്കു പുറമേ സംസ്ഥാന പൊലീസ് സേനയുടെയും കാവലുണ്ട്. 9500 സിആർപിഎഫ് ജവാൻമാരെയാണ് ഇത്തവണ അധികം നിയോഗിച്ചത്.

സുരക്ഷാസ്ഥിതി വിലയിരുത്താൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ശ്രീനഗറിലെത്തിയിട്ടുണ്ട്. വൈകിട്ട് ഏഴിനുശേഷം ഹൈവേയിൽ യാത്ര പാടില്ലെന്ന സുരക്ഷാനിർദേശം ലംഘിച്ചതാണ് ആക്രമണത്തിനു വഴിയൊരുക്കിയതെന്ന് ജമ്മു പൊലീസ് ആരോപിച്ചു. തീർഥാടകർക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച രാഷ്ട്രപതി പ്രണബ് മുഖർജി, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം സുരക്ഷാഏജൻസികളോട് ആവശ്യപ്പെട്ടു.

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഭീരുത്വം നിറഞ്ഞ ആക്രമണങ്ങൾക്കു മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും പ്രഖ്യാപിച്ചു. തീർഥാടകർക്കുനേരെയുണ്ടായ ആക്രമണത്തെ രാജ്യാന്തര സമൂഹവും ശക്തമായി അപലപിച്ചു. യുഎസ്, ഇറാൻ, ബംഗ്ലദേശ്, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.