ശ്രീനഗർ ∙ പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർഥയാത്ര താൽക്കാലികമായി നിർത്തിവച്ചു. വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന ജാഗ്രതാ നിർദേശത്തെ തുടർന്നു പഹൽഗാം വഴിയുള്ള തീർഥാടനമാണു നിർത്തിവച്ചത്. ദക്ഷിണ കശ്മീരിലെ സംഗം മേഖലയിലുള്ള ഝലം നദിയിലെ ജലനിരപ്പ് 21 അടിക്കു മുകളിൽ ഉയർന്നതിനെ തുടർന്നാണു ജാഗ്രതാ നിർദേശം നൽകിയത്. ബാൽതാൽ വഴിയുള്ള തീർഥാടനം സമാന കലാവസ്ഥയെ തുടർന്ന് ഇന്നലെ നിരോധിച്ചിരുന്നു. മുൻകരുതലായി കശ്മീർ മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഭഗവതി നഗർ ബേസ് ക്യാംപിൽ നിന്നു പഹൽഗാം വഴി യാത്ര പുറപ്പെട്ട മുന്നാമത്തെ തീർഥാടക സംഘം ഇപ്പോൾ തിക്രി ബേസ് ക്യംപിലാണുള്ളത്. ഇവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ക്യംപിൽ ഒരുക്കിയിട്ടുണ്ടെന്നു ജമ്മു കശ്മീർ ദേശീയ പാന്തർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബൽവന്ദ് സിങ് മൻകോഡിയ പറഞ്ഞു. 500–700 തീർഥാടകരാണ് ഇവിടുള്ളത്. മഴയെ തുടർന്നു റോഡുകളിൽ വഴുക്കൽ ഉള്ളതിനാൽ ബേസ് ക്യാംപുകളിൽനിന്നു തീർഥാടകരെ പോകാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഉച്ച കഴിയുന്നതോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണു പ്രതീക്ഷ. ദക്ഷിണ കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള പരമ്പരാഗത തീർഥയാത്രയ്ക്ക് 2.6 ലക്ഷം ആളുകളാണ് ഈ വർഷം റജിസ്റ്റർ ചെയ്തിരിക്കുന്നത്.