Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമർനാഥിൽ ഹിമലിംഗം പ്രത്യക്ഷമായി; തീർഥയാത്ര ജൂൺ 28 മുതൽ

amarnath-shivalingam അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം. ചിത്രം: എഎൻഐ, ട്വിറ്റർ

ശ്രീനഗർ ∙ കശ്മീരിലെ അനന്തനാഗ് ജില്ലയിലെ അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിലെത്തും. അമർനാഥിൽ ഇത്തവണ പ്രത്യക്ഷമായ ഹിമലിംഗം താരതമ്യേന ചെറുതാണെന്നാണു വിലയിരുത്തൽ. കശ്മീർ താഴ്‌വരയിൽ ഉയരുന്ന താപനിലയും മഞ്ഞുവീഴ്ചയിലെ കുറവുമാണു കാരണമായി പറയുന്നത്. സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്.

Read: ലോകത്തിലെ ഏറ്റവും നിഗൂഢമായ ഗുഹാക്ഷേത്രം

ജൂൺ, ജൂലൈ മാസങ്ങളിൽ പൂർണരൂപത്തിൽ പ്രത്യക്ഷമാകുന്ന ഈ ഹിമലിംഗത്തിന് ആറടിയിൽ കൂടുതൽ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം. പരമശിവൻ അമരനായതിന്റെ രഹസ്യമന്ത്രം പാർവതിദേവിക്ക് ഉപദേശിച്ചു നൽകിയത് അമർനാഥ് ഗുഹയിൽ വച്ചാണെന്നും വിശ്വാസമുണ്ട്.

ശിവലിംഗത്തിനു പുറമെ ഗുഹയ്ക്കകത്തു പാർവതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തില്‍ മാത്രമാണ് ഇവ കാണാനാവുക. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 1991 മുതൽ ‌1996 വരെ തുടർച്ചയായി അഞ്ചു വർഷം തീർഥാടനം തടസപ്പെട്ടിരുന്നു. നിലവിൽ കശ്മീർ സർക്കാർ എല്ലാ വർഷവും രണ്ടു മാസത്തോളം യാത്രയ്ക്ക് അനുമതി നൽകുന്നുണ്ട്. സൈന്യത്തിന്റെ വിപുലവും കർശനവുമായ വ്യവസ്ഥകൾക്കു വിധേയമായാണു തീർഥാടനം അനുവദിക്കുന്നത്. 

അറുപതു ദിവസം നീളുന്ന കശ്‌മീരിലെ അമർനാഥ് തീർഥയാത്ര ജൂൺ 28ന് ആരംഭിക്കും. 40 ദിവസമായിരുന്നു സാധാരണ യാത്രയുടെ സമയപരിധി. ഇക്കുറി 20 ദിവസം കൂടി നീട്ടി. മഞ്ഞുവീഴ്ചയിൽ അമർനാഥ് ഗുഹയിലേക്കുളള യാത്രാമാർഗം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. എന്നാൽ ജൂൺ 28 ന് മുൻപ് തടസങ്ങൾ നീക്കി തീർഥാടനം സുഗമമാക്കാനാകുമെന്ന പ്രതീക്ഷയാണ് അമർനാഥ് ക്ഷേത്ര ബോർഡ് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വർഷം നാലു ലക്ഷത്തോളം തീർഥാടകരാണ് അമർനാഥ് ക്ഷേത്രം സന്ദർശിച്ചത്. 

ഗുഹാമുഖം തെക്കോട്ടായതിനാൽ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തിൽ സ്പർശിക്കില്ല. അമർനാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയിൽ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാർക്കു നൽകാനുളള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ മുസ്‌ലിം മതസ്ഥർക്കാണ്. ഇവർക്കു തന്നെയാണ് വഴിപാടുകളുടെ മൂന്നിലൊരു ഭാഗത്തിന്റെ അവകാശവും. അമർനാഥിലേക്കുള്ള പാത തെളിച്ച് തീർഥാടനം സുഗമമാക്കിയതിനാലാണു ബത്കൂതിലെ മുസ്‌ലിം മതവിശ്വാസികൾക്ക് ഈ അവകാശങ്ങൾ നൽകപ്പെട്ടത്.