ഭുവനേശ്വർ ∙ ഗർഭിണിയായ യുവതിയെ ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്നു ബന്ധുക്കൾ തോളിലെടുത്തു കിലോമീറ്ററുകൾ നടക്കുകയും നദി കുറുകെ കടക്കുകയും ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഒഡീഷ സർക്കാർ ഉത്തരവിട്ടു.
കല്യാൺസിങ്പുർ ബ്ലോക്കിലെ തലസജ ഗ്രാമത്തിലെ അങ്കു മിനിയാകയെ (30) ആണ് ആംബുലൻസ് കിട്ടാതെവന്നതിനെത്തുടർന്നു കല്യാൺസിങ്പുർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കു ബന്ധുക്കൾ ചുമന്നത്. പോയ വഴിയിലുണ്ടായിരുന്ന നാഗവാലി നദിയും അവർ ഗർഭിണിയെ ചുമന്നുകൊണ്ടു കുറുകെ കടന്നു.
നദിയിൽ അരയൊപ്പം വെള്ളമുണ്ടായിരുന്നു. കല്യാൺസിങ്പുർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പിന്നീട് അങ്കു മിനിയാക ഒരു പെൺകുഞ്ഞിനു ജന്മം നൽകി. സംഭവം വിവാദമായതിനെ തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. നദിയിൽ പാലം പണിയുകയും ഗ്രാമത്തിൽ നല്ല റോഡുകൾ വെട്ടുകയും ചെയ്യുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.