ഭുവനേശ്വർ (ഒഡീഷ) ∙ തന്റെ മണ്ഡലത്തിൽ കൂട്ട മാനഭംഗത്തിന് ഇരയായ ബാലിക ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം നീതിപൂർവമാകാത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് എംഎൽഎ രാജി നൽകി.
ഒഡീഷയിലെ കൊരാപുട് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ കൃഷ്ണചന്ദ്ര സഗാരിയയാണു സ്പീക്കർക്കു രാജിക്കത്തു നൽകിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 30 നാണു യൂണിഫോമിലെത്തിയ 4 പൊലീസുകാർ പതിനാലുകാരിയെ കൂട്ടമാനഭംഗം ചെയ്തത്. എന്നാൽ, വൈദ്യപരിശോധനാഫലം ഉദ്ധരിച്ച് പൊലീസ് അധികൃതർ ആരോപണം നിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ജനുവരി 22നാണു പെൺകുട്ടി ജീവനൊടുക്കിയത്. സംഭവം വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരുന്നു.
കേസ് പൊലീസ് ഒതുക്കിയെന്നു സഗാരിയ നേരത്തേ പരാതിപ്പെട്ടിരുന്നു. ബാലികയുടെ മരണം തന്റെ വല്ലാതെ വേദനിപ്പിച്ചുവെന്നും എംഎൽഎയായി തുടരാൻ ധാർമിക അവകാശമില്ലെന്നു കരുതുന്നുവെന്നും ദലിത് നേതാവായ അദ്ദേഹം പറഞ്ഞു.