ശിശുമരണനിരക്കിൽ ഇന്ത്യ മുന്നിൽ

വാഷിങ്ടൻ ∙ ലോകമാകെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കു കുറയുമ്പോഴും ഇന്ത്യയിൽ സ്ഥിതി ആശങ്കാജനകമെന്നു പഠനം. 2016ൽ ഇന്ത്യയിൽ രേഖപ്പെടുത്തിയ ഒൻപതു ലക്ഷം മരണമാണ് ഈ വിഭാഗത്തിൽ ലോകമാകെ ഒരു വർഷമുണ്ടായ ഏറ്റവുമുയർന്ന മരണനിരക്ക്. വാഷിങ്ടൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ (ഐഎച്ച്എംഇ) വാർഷിക പഠനത്തിലാണു വിവരങ്ങൾ.

1970ൽ ആഗോളതലത്തിൽ 1.64 കോടി ആയിരുന്ന ശിശുമരണനിരക്ക് ആദ്യമായി 50 ലക്ഷത്തിൽ താഴെ എത്തിയതു കഴിഞ്ഞ വർഷമാണ്. ഓരോ രാജ്യത്തെയും കണക്ക് പ്രത്യേകം പരിഗണിക്കുമ്പോഴാണ് ഇന്ത്യ മുന്നിലെത്തിയത്. നൈജീരിയയും കോംഗോയുമാണു ഇന്ത്യയ്ക്കു തൊട്ടുപിന്നിൽ. ആകെ മരണങ്ങൾ പരിഗണിക്കുമ്പോൾ ഹൃദ്രോഗം, അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങളാണ് 72.3% മരണങ്ങൾക്കും കാരണമായത്. ഹൃദ്രോഗ മരണങ്ങളിൽ പത്തുവർഷം കൊണ്ട് 19% ആണു വർധന.

ഇന്ത്യയിലും ഏറ്റവുമധികം മരണം വിതച്ചത് ഹൃദ്രോഗം തന്നെ. ലോകമാകെ പ്രമേഹം 14.3 ലക്ഷം പേരുടെ ജീവനെടുത്തു. എയ്ഡ്സ്, ടിബി, മലേറിയ എന്നിവ മൂലമുള്ള മരണം കുറഞ്ഞു. അഭൂതപൂർവമായ വർധനയുണ്ടായത് ഡെങ്കി മരണങ്ങളിലാണ്. 2016ൽ 37,800 പേരാണു ഡെങ്കിപ്പനിക്കു കീഴടങ്ങിയത്. 2006ലേക്കാൾ 81.8% വർധന. പുകയില 71 ലക്ഷം മരണങ്ങളിൽ വില്ലൻ സ്ഥാനത്തുണ്ട്.

∙ ജീവനെടുക്കും ഏറ്റുമുട്ടലുകൾ

ഭീകരവാദവും വംശീയതയും പോലുള്ള ഏറ്റുമുട്ടലുകൾ മനുഷ്യരാശിക്കു മേൽ മഹാമാരിയായി തുടരുന്നതാണു മരണനിരക്ക് ഉയർത്തുന്ന മറ്റൊരു ഘടകം. പോയവർഷം ഇത്തരം സംഘർഷങ്ങൾ മൂലമുണ്ടായ മരണം 1.5 ലക്ഷം ആണ്. പത്തുവർഷം കൊണ്ട് 143% വർധന.