Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ അദാനി ഫൗണ്ടേഷന്റെ ആശുപത്രിയിൽ അഞ്ചുമാസത്തിനിടെ 111 ശിശുമരണം

അഹമ്മദാബാദ്∙ ഗുജറാത്തിലും നവജാതശിശുക്കളുടെ കൂട്ടമരണം. ഭുജിൽ അദാനി ഫൗണ്ടേഷൻ നടത്തുന്ന ജികെ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ 111 ശിശുക്കൾ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. അതേസമയം, തങ്ങളുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഈ വർഷം ജനുവരി മുതലുള്ള അഞ്ചുമാസങ്ങളിൽ ആശുപത്രിയിൽ ജനിച്ചതും ചികിത്സയ്ക്ക് എത്തിച്ചതുമായ 777 നവജാതശിശുക്കളിൽ 111 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർതന്നെ വെളിപ്പെടുത്തിയത്. പതിനാലു ശതമാനത്തോളം വരുന്ന ശിശുമരണ നിരക്കിൽ അസ്വാഭാവികതയുണ്ടോ എന്നു പരിശോധിക്കാൻ സർക്കാർ വിദഗ്ധസംഘത്തെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കുമെന്നു സംസ്ഥാന ആരോഗ്യ കമ്മിഷണർ ജയന്തി രവി അറിയിച്ചു.

മുൻവർഷങ്ങളിൽ ആശുപത്രിയിലെ ശിശുമരണനിരക്ക് ശരാശരി പ്രതിവർഷം 18 ശതമാനമായിരുന്നു. എന്നാൽ ഈ വർഷം അഞ്ചുമാസത്തിനകംതന്നെ മരണനിരക്ക് 14 ശതമാനമായി. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു അനാസ്ഥയുമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ജനിച്ചതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വരുന്ന വർധനയും പോഷകാഹാരക്കുറവും ആശുപത്രിയിലെത്തിക്കുന്നതിലെ കാലതാമസവുമാണു മരണനിരക്കു വർധിക്കാൻ കാരണമെന്നും അധികൃതർ വ്യക്തമാക്കി.

related stories