Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഥിൻ പട്ടേലിനു പകരം ‘ധനം’ കൊടുത്തത് അംബാനി കുടുംബത്തിലെ പട്ടേലിന്

Nitin-Rupani വിജയ് രൂപാണിയും നിഥിൻ പട്ടേലും (ഫയൽ ചിത്രം).

അഹമ്മദാബാദ്∙ ഗുജറാത്തിൽ വകുപ്പു വിഭജനത്തെച്ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ട്, അനുവദിച്ച ആരോഗ്യം, റോഡ് തുടങ്ങിയ വകുപ്പുകൾ ഏറ്റെടുക്കാൻ ബിജെപിയുടെ ഉപമുഖ്യമന്ത്രി നിഥിൻ പട്ടേൽ വിസ്സമ്മതിച്ചു. മന്ത്രിസഭയിൽ രണ്ടാമനായ നിഥിനു കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവ നിഷേധിച്ചതാണു പ്രതിഷേധത്തിനു കാരണം. ധനവകുപ്പ് ഇത്തവണ അംബാനി സഹോദരന്മാരുടെ അളിയൻ സൗരഭ് പട്ടേലിനാണു നൽകിയിട്ടുള്ളത്.

ഇതിനിടെ, 10 എംഎൽഎമാരുമായി ബിജെപി വിട്ടു വന്നാൽ അർഹിക്കുന്ന സ്ഥാനം നിഥിൻ പട്ടേലിനു കോൺഗ്രസ് നൽകുമെന്നു പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ പറഞ്ഞു. നിഥിൻ പട്ടേലിനു പിന്തുണയുമായി അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്സാനയിൽ നാളെ ബന്ദ് ആചരിക്കാൻ സർദാർ പട്ടേൽ ഗ്രൂപ്പ് നേതാവ് ലാൽജി പട്ടേൽ ആഹ്വാനം ചെയ്തു. നിഥിനെ വസതിയിൽ സന്ദർശിച്ച ശേഷമായിരുന്നു ലാൽജി പട്ടേലിന്റെ ആഹ്വാനം.

മറ്റു പട്ടേൽ സംവരണ പ്രക്ഷോഭ നേതാക്കളും നിഥിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിൽ ആറാമതും അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിഥിൻ പട്ടേലും കഴിഞ്ഞ ദിവസമാണു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. വ്യാഴാഴ്ചയായിരുന്നു വകുപ്പു വിഭജനം. വിജ്ഞാപനം വന്നയുടൻ അസംതൃപ്തി വ്യക്തമാക്കി മാധ്യമങ്ങളെ കാണാതെ നിഥിൻ പട്ടേൽ സ്ഥലം വിട്ടിരുന്നു.

ഉപമുഖ്യമന്ത്രിയുടെ പ്രതിഷേധത്തെക്കുറിച്ചു പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. എന്നാൽ, ധനമന്ത്രിയാണു മന്ത്രിസഭയിലെ രണ്ടാമൻ എന്ന വാദം ശരിയല്ലെന്നും മുതിർന്ന നേതാവായ നിഥിൻ തന്നെ രണ്ടാമനായി തുടരുമെന്നും വിജയ് രൂപാണി പറഞ്ഞു. പട്ടേൽ സംവരണ പ്രക്ഷോഭം തണുപ്പിക്കുന്നതിലും ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിലും നിഥിൻ പട്ടേൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹത്തിന്റെ ആശങ്കകൾ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടു പരിഹരിക്കണമെന്നും പട്ടേൽ സംവരണ നേതാവായ കേതൻ പട്ടേൽ പറഞ്ഞു.

ഹാർദിക് പട്ടേലിനൊപ്പം പ്രവർത്തിച്ച കേതൻ പിന്നീടു ബിജെപിയിൽ ചേരുകയായിരുന്നു. കേതനും നിഥിനെ കണ്ടു പിന്തുണ അറിയിച്ചു.

Nitin-Patel-Hardik നിഥിൻ പട്ടേൽ, ഹാർദിക് പട്ടേൽ.

നിഥിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ഹാർദിക്

മുതിർന്ന നേതാവായ നിഥിൻ പട്ടേലിനെ ബിജെപി തഴയുകയാണെന്നും അദ്ദേഹം ബിജെപി വിട്ടു വന്നാൽ കോൺഗ്രസുമായി സംസാരിച്ച് അർഹതപ്പെട്ട സ്ഥാനം വാങ്ങി നൽകാമെന്നും പട്ടേൽ സംവരണ നേതാവായ ഹാർദിക് പട്ടേൽ പറഞ്ഞു. കോൺഗ്രസിനു മന്ത്രിസഭയുണ്ടാക്കാൻ വേണ്ടത്ര എംഎൽഎമാരുമായി പുറത്തുവന്നാൽ നിഥിൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കാമെന്നു കോൺഗ്രസ് എംഎൽഎ വിർജി തുമ്മാർ പറഞ്ഞു.

saurabh-patel ധനമന്ത്രി സൗരഭ് പട്ടേൽ.

നിഥിനു പകരം ‘ധനം’ അംബാനി കുടുംബത്തിലെ പട്ടേലിന്

ആഭ്യന്തരം, ആസൂത്രണം, തുറമുഖം, ഖനികൾ തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ നിലനിർത്തിയപ്പോൾ ധനവകുപ്പ് നൽകിയത് സൗരഭ് പട്ടേലിന്. മറ്റൊരു സുപ്രധാന വകുപ്പായ ഊർജവും അംബാനി കുടുംബത്തിൽ നിന്നുള്ള സൗരഭ് പട്ടേലിനു നൽകിയിട്ടുണ്ട്.

മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും പിതൃസഹോദര പുത്രിയായ ഇള അംബാനിയുടെ ഭർത്താവാണ് സൗരഭ്. ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരൻ രമണിക്ഭായ് അംബാനിയുടെ മരുമകൻ. ആനന്ദിബെൻ മന്ത്രിസഭയിൽ സൗരഭ് പട്ടേൽ അംഗമായിരുന്നുവെങ്കിലും കഴിഞ്ഞ രൂപാണി മന്ത്രിസഭയിൽ ഇടംകിട്ടിയില്ല. 906 വോട്ടിനാണ് ഇത്തവണ കടന്നുകൂടിയത്.

related stories