അഹമ്മദാബാദ് / റാഞ്ചി∙ മറുകണ്ടം ചാടി ബിജെപിയിലെത്തി മന്ത്രിയായ കുംവർജി ബവാലിയ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ട പിടിച്ചെടുത്തു. ഇതോടെ 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി അംഗബലം നൂറായി. അതേസമയം ജാർഖണ്ഡിലെ കൊലിബറ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ബികാസൽ കൊഗാരി വിജയിച്ചു.
ബിജെപിയിൽ ചേർന്ന ബവാലിയ എംഎൽഎ സ്ഥാനം രാജി വച്ചതിനെതുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 1995 മുതൽ തങ്ങളുടെ കുത്തകയായിരുന്ന ജസ്ദാനിൽ കോൺഗ്രസ് ബവാലിയയ്ക്കെതിരെ നിർത്തിയതു കർഷകത്തൊഴിലാളിയും ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് അംഗവുമായ അവ്സർ നാകിയയെയാണ്. ഇരുവരും മണ്ഡലത്തിൽ നിർണായക സമുദായമായ കോലി വിഭാഗക്കാരാണെങ്കിലും ബവാലിയ 19,979 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു.
3 സംസ്ഥാനങ്ങളിലെ വിജയത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ ഗുജറാത്തിലും ബിജെപിക്കു ആഘാതമേൽപിക്കാമെന്ന കോൺഗ്രസ് പ്രതീക്ഷയാണു തകർന്നത്. ജസ്ദാനിൽ നിന്ന് 5 വട്ടം എംഎൽഎയായ നേതാവാണു ബവാലിയ. ഈ വർഷം ജൂലൈ ആദ്യം ബിജെപിയിൽ ചേർന്ന ബവാലിയ കാബിനറ്റ് പദവിയോടെ മന്ത്രിയായി.
ജാർഖണ്ഡിലെ കൊലിബറയിൽ ജാർഖണ്ഡ് ദേശം പാർട്ടി എംഎൽഎ അനോസ് എക്ക കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ബികാസൽ കൊഗാരിക്ക് 9,658 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
ഗുജറാത്ത് കക്ഷിനില
ആകെ സീറ്റ് 182
ബിജെപി പക്ഷം: 101(ബിജെപി 100, സ്വതന്ത്രൻ 1).
കോൺഗ്രസ് പക്ഷം: 80 (കോൺഗ്രസ് 76, ഭാരതീയ ട്രൈബൽ പാർട്ടി 2, സ്വതന്ത്രർ 2, എൻസിപി 1).