Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വകുപ്പ് അപ്രധാനം; മന്ത്രിസഭായോഗം ബഹിഷ്കരിച്ച് ഗുജറാത്ത് മന്ത്രി

Purshottam-Solanki-gujarat പുരുഷോത്തം സോളങ്കി

അഹമ്മദാബാദ്∙ ഗുജറാത്തിലെ പുതിയ ബിജെപി സർക്കാരിൽ അപ്രധാനമായ വകുപ്പാണു തനിക്കു ലഭിച്ചതെന്നു പരാതിപ്പെട്ട ഫിഷറീസ് സഹമന്ത്രിയും കോലി സമുദായ നേതാവുമായ പുരുഷോത്തം സോളങ്കി മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു. സോളങ്കിക്കു മുൻസർക്കാരിന്റെ കാലത്തും ഫിഷറീസ് സഹമന്ത്രിപദമാണു ലഭിച്ചത്. 

സോളങ്കിക്കു ‘നല്ല’ വകുപ്പു നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ, സഹോദരനും മുൻ ബിജെപി എംഎൽഎയുമായി ഹിര സോളങ്കിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ വസതിക്കു മുന്നിൽ ഒത്തുകൂടി. ‘അഞ്ചുവട്ടം എംഎൽഎയായ തനിക്കു നൽകിയതിനെക്കാൾ മികച്ച വകുപ്പാണു പുതുതായി എംഎൽഎയായ പലർക്കും നൽകിയത്. ഇത് തന്നെ തഴയുന്നതിനു തുല്യമാണ്. 

മുഖ്യമന്ത്രി 12 വകുപ്പുകൾ കൈവശം വച്ചിട്ടുണ്ട്. മറ്റു മന്ത്രിമാർക്കുമുണ്ട് ഒന്നിലേറെ വകുപ്പുകൾ. കോലി സമുദായത്തിൽ നിന്നുള്ള ഏക എംഎൽഎയായ തനിക്കു മന്ത്രിസഭയിൽ മികച്ച പ്രാതിനിധ്യം സമുദായം ആവശ്യപ്പെടുന്നു’– സോളങ്കി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കേ, സമുദായത്തെ പിണക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.