Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല വകുപ്പ് കിട്ടും; സോളങ്കി വഴങ്ങി

Purshottam-Solanki-gujarat

അഹമ്മദാബാദ്∙ ഒന്നര മാസം കഴിഞ്ഞു മന്ത്രിസഭാ വികസനം നടക്കുമ്പോൾ നല്ല വകുപ്പു നൽകാമെന്നു മുഖ്യമന്ത്രി വിജയ് രൂപാണിയിൽ നിന്നു വാഗ്ദാനം ലഭിച്ചതോടെ ഗുജറാത്തിൽ ഭക്ഷ്യവകുപ്പു സഹമന്ത്രിയും കോലി സമുദായത്തിലെ ശക്തനായ നേതാവുമായ പുരുഷോത്തം സോളങ്കി തൃപ്തനായി. മുൻമന്ത്രിസഭയിലും ഇതേ വകുപ്പു ഭരിച്ചിരുന്ന മന്ത്രി കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നില്ല.

ഇതിനിടെ, അഞ്ചാം വട്ടവും വിജയിച്ച ജെത ഭർവാദ് എന്ന ബിജെപി എംഎൽഎയുടെ അനുയായികൾ അദ്ദേഹത്തെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ടു രംഗത്തിറങ്ങി. എന്നാൽ താൻ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം പിന്നീടു വ്യക്തമാക്കി. തന്നെ മന്ത്രിയാക്കാത്തതിൽ അനുയായികൾക്ക് അതൃപ്തിയുണ്ടെന്നു കഴിഞ്ഞ ദിവസം മനസ്സിലായെന്നും എന്നാൽ അവരോടു പ്രശ്നമുണ്ടാക്കരുതെന്ന് ഉപദേശിക്കുകയാണു ചെയ്തതെന്നും വിശദീകരിച്ചു.

സോളങ്കിക്കു നല്ല വകുപ്പ് കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരനും ബിജെപി മുൻ എംഎൽഎയുമായ ഹിര സോളങ്കിയുടെ നേതൃത്വത്തിൽ കോലി സമുദായത്തിൽ പെട്ട അനുയായികൾ മന്ത്രിയുടെ വസതിയിൽ സംഘടിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അദ്ദേഹത്തെ നേരിട്ടു വിളിച്ചു സമാധാനിപ്പിച്ചത്. ഏതു വകുപ്പ് നൽകുമെന്നതു സംബന്ധിച്ചു ചർച്ചയൊന്നുമുണ്ടായില്ലെങ്കിലും നീതിപൂർവകമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പു കിട്ടിയെന്നു സോളങ്കി പറഞ്ഞു. തന്റെ സമുദായം എല്ലാക്കാലവും ബിജെപിയുടെ കൂടെയായിരുന്നുവെന്നും തുടർന്നും പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം സോളങ്കി പറഞ്ഞതു തനിക്ക് ഏതാനും വകുപ്പുകൾ കൂടി നൽകണമെന്നു തന്റെ സമുദായം ആവശ്യപ്പെടുന്നുവെന്നാണ്. അഞ്ചു തവണ എംഎൽഎ ആയിട്ടും ഒരു വകുപ്പു മാത്രം നൽകി അവഗണിച്ചെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. ജൂനിയർ മന്ത്രിമാർക്കു നല്ല വകുപ്പുകൾ നൽകി, മറ്റു മന്ത്രിമാർക്ക് ഒന്നിലേറെ വകുപ്പുകൾ നൽകി, മുഖ്യമന്ത്രിയുടെ പക്കൽ പന്ത്രണ്ടോളം വകുപ്പുകൾ ബാക്കിയുണ്ട് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പരാതി.

related stories