കണ്ണൂർ∙ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർ വിസമ്മതിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. തോട്ടട സമാജ്‌വാദി കോളനിയിലെ വിപിന–സുനിൽ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്നലെ രാവിലെ മരിച്ചത്.
രാവിലെ പാൽ കൊടുത്തു കിടത്തിയ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നു ബന്ധുക്കൾ സമീപത്തെ ഇഎസ്ഐ ആശുപത്രിയിൽ എത്തിച്ചിരുന്നു. സ്ഥിതി ഗുരുതരമാണെന്നും കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെന്നുമുള്ള ഡോക്ടറുടെ നിർദേശത്തെ തുടർന്നു കുഞ്ഞുമായി ബന്ധുക്കൾ പുറത്തിറങ്ങി. അതുവഴി വന്ന ഓട്ടോറിക്ഷയ്ക്കു കൈകാണിച്ചു. നിർത്തിയെങ്കിലും കയറ്റാൻ സമ്മതിക്കാതെ ഡ്രൈവർ ഓട്ടോ ഓടിച്ചു പോകുകയായിരുന്നുവെന്നു കോളനിവാസികൾ പറഞ്ഞു.
ഓട്ടോഡ്രൈവറും കോളനിവാസികളും തമ്മിൽ തർക്കവുമുണ്ടായി. തുടർന്ന് അതുവഴി വന്ന ബൈക്കിൽ കുഞ്ഞിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണു മരണകാരണമെന്നാണു ഡോക്ടർമാരുടെ നിഗമനം. പോസ്റ്റ്മോർട്ടം നടത്തി. വിശ്വ എന്ന ആൺകുട്ടി കൂടി ഈ ദമ്പതികൾക്കുണ്ട്. എടക്കാട് പൊലീസ് സ്ഥലത്തെത്തി കോളനിവാസികളിൽ നിന്നു മൊഴിയെടുത്തു.
ഓട്ടോഡ്രൈവർ മറ്റൊരു രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ പോകുകയായിരുന്നുവെന്ന് എടക്കാട് എസ്ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു.