കോളജ് അധ്യാപകർക്ക് ശമ്പളം കൂട്ടി; 2016 ജനുവരി ഒന്നു മുതൽ പൂർവകാല പ്രാബല്യം

ന്യൂഡൽഹി ∙ രാജ്യത്ത് 7.58 ലക്ഷം സർവകലാശാലാ, കോളജ് അധ്യാപകരുടെയും തത്തുല്യ അക്കാദമിക സ്റ്റാഫിന്റെയും ശമ്പള നിരക്ക് ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾക്ക് അനുസൃതമായി വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. യുജിസിയുടെ പരിധിയിലുള്ള കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ, എയ്ഡഡ് കോളജുകൾ എന്നിവിടങ്ങളിലെയും കേന്ദ്രസഹായമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകർക്കാണു വേതനവർധന. ശമ്പള വർധന 2016 ജനുവരി ഒന്നുമുതൽ പൂർവകാല പ്രാബല്യത്തോടെയാകും നടപ്പാക്കുക. കേന്ദ്ര സർക്കാരിന് 9,800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. അനധ്യാപക വിഭാഗത്തിന്റെ വേതനവർധന തീരുമാനിക്കാൻ പ്രത്യേക സംവിധാനമുള്ളതിനാൽ ഇതിനൊപ്പമുണ്ടാകില്ല.

∙ കോളജുകൾ 12,912

യുജിസിയുടെയും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ പ്രവർത്തിക്കുന്ന 106 സർവകലാശാല/കോളജുകൾ, കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം, ഐഐഎസ്‌സി, ഐഐഐടി, ഐസർ, എൻഐടിഐഇ എന്നീ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന്റെ 329 സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 12,912 കോളജുകൾ എന്നിവിടങ്ങളിലായുള്ള 7.58 ലക്ഷം അധ്യാപകർക്കും അക്കാദമിക സ്റ്റാഫിനുമാണ് ആനുകൂല്യം.

∙ വർധന 22–28%

പുതിയ ശമ്പള സ്കെയിൽ നിലവിൽ വരുന്നതോടെ അധ്യാപകർക്കു പ്രതിമാസം 10,400 രൂപ മുതൽ 49,800 രൂപ വരെ ശമ്പള വർധനയുണ്ടാകും. ഓരോ തസ്തികയിലെയും തുടക്കശമ്പളത്തിൽ 22% മുതൽ 28% വരെയാണു വർധന.

∙ പുതുക്കിയ ശമ്പള നിരക്ക് (ശമ്പള വർധന നിലവിൽ വരുമ്പോൾ വിവിധ തസ്തികകളിലെ നിലവിലെ പ്രതിമാസ ശമ്പളവും പുതുക്കിയ ശമ്പളവും യഥാക്രമം)

∙ അസിസ്റ്റന്റ് പ്രഫസർ: 47,000 രൂപ – 57,700 രൂപ.

∙ അസിസ്റ്റന്റ് പ്രഫസർ സീനിയർ: 62,000 രൂപ – 80,000 രൂപ.

∙ അസോഷ്യേറ്റ് പ്രഫസർ: 1,07,000 രൂപ– 1,31,000 രൂപ.

∙ പ്രഫസർ: 1,16,000 രൂപ– 1,44,000 രൂപ.

∙ സീനിയർ പ്രഫസർ: 1,41,000 രൂപ– 1,82,000 രൂപ.

∙ വൈസ് ചാൻസലർ: 1,75,000 രൂപ– 2,25,000 രൂപ.