Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹകരണ സ്ഥാപനങ്ങളിൽ ക്ഷാമബത്തയിൽ 3% വർധന; ശമ്പളപരിഷ്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളിൽ 4%

926961932

കോഴിക്കോട് ∙ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു. ശമ്പളപരിഷ്കരണം നടപ്പിലാക്കിയ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്നു ശതമാനമാണ് വർധന. ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നാലു ശതമാനവും വർധിപ്പിച്ചു. രണ്ട് ശമ്പളപരിഷ്കരണവും നടപ്പിലാക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നാലു ശതമാനമാണ് വർധിപ്പിച്ചത്. 2017 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.

ഇതോടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയ ജീവനക്കാർക്ക് ആകെ അനുവദിച്ച ക്ഷാമബത്ത 112 ശതമാനമായി. ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർ‍ക്ക് അനുവദിച്ച ക്ഷാമബത്ത 197 ശതമാനവും രണ്ട് പരിഷ്കരണവും നടപ്പാക്കിയിട്ടില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 268 ശതമാനവുമായി. കഴിഞ്ഞ വർഷം ജൂലൈയിൽ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം, ആറുശതമാനം, എട്ടുശതമാനം എന്നിങ്ങനെ വർധിപ്പിച്ചിരുന്നു. ആറു മാസം മുൻകാല പ്രാബല്യത്തോടെയായിരുന്നു കഴിഞ്ഞ വർഷത്തെ വർധന.

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിക്കുന്നതിന് അനുസൃതമായി സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയും അനുവദിക്കുമെന്നു തീരുമാനിച്ചിരുന്നു. സർക്കാർ ജീവനക്കാർക്ക് പ്രീ റിവൈസ്ഡ് സ്കെയിലിൽ മൂന്നു ശതമാനവും പരിഷ്കരിച്ച സ്കെയിലി‍ൽ ഒരു ശതമാനവും ക്ഷാമബത്തയാണ് ഒരു വർഷത്തെ മുൻകൂർ പ്രാബല്യത്തിൽ അനുവദിച്ചത്. സഹകരണ സംഘം, സഹകരണബാങ്ക്, സഹകരണസ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കാൻ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരമുള്ള നിരക്കുകൾ ഉൾപ്പെടുത്തി സഹകരണസംഘം റജിസ്ട്രാറാണ് ശുപാർശ സമർപ്പിക്കേണ്ടത്.