Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതനം അക്കൗണ്ടിൽ; എതിർപ്പു വേണ്ട

representative image representative image

കൊച്ചി ∙ തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലകളിൽ മിനിമം വേതനം ഉറപ്പാക്കാൻ, ബാങ്ക് അക്കൗണ്ട് മുഖേന വേതനം നൽകാനും തൊഴിൽ വകുപ്പിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും വ്യവസ്ഥ ചെയ്യുന്ന ‘വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം’ ഹൈക്കോടതി ശരിവച്ചു. 

വൈകിയെങ്കിലും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മിനിമം വേതനം ഉറപ്പാക്കാനുള്ള വ്യവസ്ഥ സംസ്ഥാന സർക്കാർ കൊണ്ടുവന്നതാണെന്നും സത്യസന്ധരായ തൊഴിലുടമകൾക്കു പരാതിപ്പെടേണ്ട സാഹചര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മിനിമം വേതന നിയമത്തിനു കീഴിൽ 2015 ജൂലൈ എട്ടിനു സർക്കാർ കൊണ്ടുവന്ന കേരള മിനിമം വേതന ചട്ടഭേദഗതി ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഇരുനൂറോളം ഹർജികൾ തള്ളിക്കൊണ്ടാണു ജസ്റ്റിസ് പി.ബി.സുരേഷ്കുമാറിന്റെ ഉത്തരവ്. 

കോടതി വിധിയിൽനിന്ന്

സർക്കാർ സ്വീകരിച്ച സുരക്ഷാ മുൻകരുതൽ പരിഗണിച്ചാൽ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ദുരുപയോഗിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. തൊഴിലുടമയ്ക്കുണ്ടാകുന്ന അസൗകര്യത്തിന്റെ പേരിൽ നിയമനിർമാണത്തിൽ ഇടപെടാനാവില്ല.

സംസ്ഥാനത്തുടനീളം സ്ഥാപനങ്ങളിലെത്തി രേഖകൾ പരിശോധിക്കുന്നതിനു പകരം പുതിയ സംവിധാനം കൊണ്ടുവന്നതിനും ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുന്നതിന്റെ അസൗകര്യം ഒഴിവാക്കിയതിനും തൊഴിലുടമകൾ പുതിയ രീതി സ്വാഗതം ചെയ്യുകയാണു വേണ്ടത്. 

വേതനവിതരണം ബാങ്ക് അക്കൗണ്ട് മുഖേനയാക്കുന്നതു നിയമവിരുദ്ധമല്ല. വേതനവിതരണ നിയമത്തിൽ 2017ൽ കൊണ്ടുവന്ന ഭേദഗതിയനുസരിച്ചു പണം, ചെക്ക്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ മാർഗങ്ങൾ ആകാം. ഏതു മാർഗം വേണമെന്നു തീരുമാനിക്കാൻ സർക്കാരിന് അധികാരമുണ്ട്. 

ആറു വിഭാഗങ്ങൾക്കു മാത്രമായി പുതിയ രീതി നടപ്പാക്കുന്നതു വിവേചനപരമാണെന്ന വാദം അംഗീകരിക്കാനാവില്ല. നിലവിൽ കംപ്യൂട്ടർ സാക്ഷരതയുള്ള മേഖലകളിൽ നടപ്പാക്കുകയാണെന്നും പട്ടികയിൽപെട്ട എല്ലാ തൊഴിലുകളിലും ക്രമേണ ഇതു നടപ്പാക്കുമെന്നുമാണു സർക്കാർ പറയുന്നത്. 

ഭരണം കാര്യക്ഷമമാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ സർക്കാരുകൾ പിന്നിലാണ്. പരമ്പരാഗത സേവന രീതിയുടെയും നയം നടപ്പാക്കലിന്റെയും സ്ഥാനം വിവരസാങ്കേതികവിദ്യ ഏറ്റെടുത്തതു മാനുഷിക പിഴവുകൾ കുറയ്ക്കാനും സുതാര്യത കുട്ടാനും പൊതുപങ്കാളിത്തവും ഉത്തരവാദിത്തവും ഉറപ്പാക്കാനും സഹായിക്കും. 

ഹർജിക്കാരുടെ വാദം

പുതിയ സംവിധാനം അപ്രായോഗികവും ബിസിനസ് താൽപര്യങ്ങൾക്കു വിരുദ്ധവുമാണ്. പൊതുവായി ആർക്കും സിസ്റ്റത്തിൽ വിവരം ലഭ്യമാകുന്നതു ബിസിനസ് തന്ത്രങ്ങളുടെയും വ്യാപാര രഹസ്യങ്ങളുടെയും സംരക്ഷണം ഇല്ലാതാക്കും. വേതനം പണമായി നൽകുമെന്ന മിനിമം വേതന നിയമത്തിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണ്. ഡോക്ടർമാർ ഉൾപ്പെടെ പ്രത്യേക വിഭാഗക്കാരുടെ ശമ്പളത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടും. 

സർക്കാർ വാദം

പട്ടികയിൽപെട്ട തൊഴിൽ മേഖലകളിൽ മിനിമം വേതനം നടപ്പാക്കാനും നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണു പുതിയ രീതി. മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെങ്കിലും പല തൊഴിലുടമകളും നിസ്സാര തുകയ്ക്കു പണിയെടുപ്പിക്കുകയാണെന്നു പരാതികളുയർന്ന പശ്ചാത്തലത്തിലാണു സംവിധാനം കൊണ്ടുവരുന്നത്. സിസ്റ്റത്തിലെ വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാവില്ല. ഒരു തൊഴിലുടമയ്ക്കു മറ്റു തൊഴിലുടമകൾ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ കാണാനാവില്ല. തൊഴിലുടമയ്ക്കും ബന്ധപ്പെട്ട ഇൻസ്പെക്ടർക്കും മാത്രമേ വിവരങ്ങൾ ലഭ്യമാകൂ. യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാലേ സിസ്റ്റത്തിൽ ലോഗിൻ ചെയ്യാനാകൂ. വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന പേടി വേണ്ട. 

വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം

തൊഴിലാളികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വഴി വേതനം വിതരണം ചെയ്യണം. തൊഴിലാളികൾക്കു വേതനം നൽകുന്നതിനു മൂന്നു ദിവസം മുൻപ് ലേബർ കമ്മിഷണറേറ്റിലെ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിൽ തൊഴിൽ വേതന റജിസ്റ്റർ അപ്‌ലോഡ് ചെയ്യണം. തുക വിതരണത്തിന് ഒരു ദിവസം മുൻപ് തൊഴിലാളികൾക്കു വേതന സ്ലിപ് നൽകണം.

ബാധകമാകുന്നത് ആർക്കല്ലാം ?

കച്ചവട സ്ഥാപനങ്ങൾ 

സ്വകാര്യ ആശുപത്രി, ഡിസ്പെൻസറി, ഫാർമസി, ലാബ്, സ്കാനിങ് സെന്റർ, എക്സ്–റേ യൂണിറ്റ്, അനുബന്ധ സ്ഥാപനങ്ങൾ

സ്റ്റാർ ഹോട്ടൽ

സെക്യൂരിറ്റി സേവനങ്ങൾ

കംപ്യൂട്ടർ സോഫ്റ്റ്‌വെയർ മേഖലകൾ

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അധ്യാപകേതര സേവനങ്ങൾ)

related stories