കശ്മീരിൽ പ്രക്ഷോഭം ഇളക്കിവിട്ട ലഷ്കർ ഭീകരനെ വധിച്ചു

പുൽവാമയിൽ കൊല്ലപ്പെട്ട ലഷ്കറെ തയിബ കമാൻഡർ വസീം ഷാ

ശ്രീനഗർ ∙ ദക്ഷിണ കശ്മീരിൽ കഴിഞ്ഞ വർഷമുണ്ടായ പ്രക്ഷോഭത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ കമാൻഡറുമായ വസീം ഷായെ (23) സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. പുൽവാമ ജില്ലയിലെ ലിറ്റർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നു സിആർപിഎഫും പട്ടാളവും ചേർന്ന് ഇവിടം വളയുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സേനാവലയം ഭേദിച്ചുകടക്കാനായില്ല.

സ്ഥലവാസികൂടിയായ അംഗരക്ഷകൻ നിസാർ അഹമ്മദ് മിറും ഇയാളോടൊപ്പം കൊല്ലപ്പെട്ടു. ഭീകരരും സേനയും തമ്മിലുള്ള വെടിവയ്പിനിടെ ഗുൽസാർ അഹമ്മദ് മിർ എന്ന സ്ഥലവാസിയും കൊല്ലപ്പെട്ടു. സൈനിക നീക്കം കഴിഞ്ഞയുടൻ ഭടന്മാർക്കെതിരെ നാട്ടുകാർ കല്ലേറു നടത്തി. ഭീകരരുടെ സുരക്ഷിത താവളമായി അറിയപ്പെടുന്ന പ്രദേശമാണു ലിറ്റർ.

നാലു വർഷത്തിനുള്ളിൽ ആദ്യമായാണ് ഇവിടെ ഭീകരവിരുദ്ധ വേട്ട നടക്കുന്നത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരുടെ മറ്റൊരു സുരക്ഷിത താവളമായ ഹെഫ് എന്ന സ്ഥലം അടക്കിവാണിരുന്നത് അബു ഒസാമ ഭായ് എന്നറിയപ്പെടുന്ന ഷാ ആയിരുന്നു. ഹെഫ്–ശ്രിമാൽ നിവാസിയായ ഷായുടെ നീക്കം പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഒട്ടേറെ ഭീകരാക്രമണ കേസുകളിൽ പ്രതിയായ ഷായെ പിടികൂടുന്നവർക്കു 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ലഷ്കറെ തയിബയുടെ സന്ദേശങ്ങൾ എത്തിച്ചുകൊടുക്കാൻ വേണ്ടി സ്കൂൾ കുട്ടിയായിരിക്കുമ്പോൾ തന്നെ പ്രവർത്തിച്ചിരുന്ന ഇയാൾ 2014ലാണു ഭീകരപ്രവർത്തനം തുടങ്ങിയത്.