Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

Supreme Court of India

ന്യൂഡല്‍ഹി∙ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നടപടിക്കെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബിജെപി എംഎല്‍എ ആയിരുന്ന ഗഗന്‍ ഭഗത്താണ് ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസിന്റെയും നാഷനല്‍ കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപി അവകാശവാദമുന്നയിച്ചതിനു തൊട്ടുപിന്നാലെ നവംബര്‍ 21-നാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. രണ്ടംഗങ്ങളുള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സും ബിജെപിയുടെയും മറ്റ് 18 എംഎല്‍എമാരുടെയും പിന്തുണ അവകാശപ്പെട്ടു സര്‍ക്കാര്‍ രൂപീകരണത്തിനായി രംഗത്തെത്തിയിരുന്നു.

15 അംഗങ്ങളുള്ള നാഷനല്‍ കോണ്‍ഫറന്‍സും 12 അംഗങ്ങളുള്ള കോണ്‍ഗ്രസിനും തങ്ങള്‍ക്കു പിന്തുണ നല്‍കിയെന്ന് അവകാശപ്പെട്ട് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയാണു ഗവര്‍ണര്‍ക്കു കത്തു നല്‍കിയത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ നിയമസഭ പിരിച്ചുവിട്ടതായി ഗവര്‍ണര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബര്‍ 18-ന് ഗവര്‍ണര്‍ ഭരണം അവസാനിക്കും. തുടര്‍ന്നു രാഷ്ട്രപതി ഭരണമായിരിക്കും. 2020 ഒക്‌ടോബര്‍ വരെയായിരുന്നു നിയമസഭയുടെ കാലാവധി.