ശ്രീനഗർ ∙ സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്രസർക്കാരിൽനിന്നു സമ്മർദമുണ്ടായെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കു തനിക്കു സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക്. കോൺഗ്രസ് നേതാവായിരുന്ന ഗിർധാരി ലാൽ ദോഗ്രയുടെ അനുസ്മരണച്ചടങ്ങിലാണ് മാലിക്കിന്റെ വെളിപ്പെടുത്തൽ.
‘എനിക്കു ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല, പക്ഷേ സ്ഥലംമാറ്റപ്പെട്ടേക്കാം. അതെപ്പോഴാണെന്ന് അറിയില്ല. അതെന്റെ കൈയിലല്ല. പക്ഷേ ഞാനിവിടെയുള്ളിടത്തോളം ജനങ്ങൾ എന്നെ വിളിച്ചാൽ ഞാനെത്തും.’ - മാലിക്ക് പറഞ്ഞു. കേന്ദ്രസമ്മർദത്തെപ്പറ്റിയുള്ള മാലിക്കിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കു വഴിയൊരുക്കിയിരുന്നു.
പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചിരുന്നെങ്കിൽ ചരിത്രം തന്നെ സത്യസന്ധനല്ലെന്നു രേഖപ്പെടുത്തുമായിരുന്നെന്നും കുതിരക്കച്ചവടമൊഴിവാക്കാനാണ് കശ്മീർ നിയമസഭ പിരിച്ചുവിട്ടതെന്നും മാലിക്ക് പറഞ്ഞിരുന്നു. മാലിക്കിന്റെ ആരോപണത്തോട് കേന്ദ്ര സർക്കാരോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.