അഹമ്മദാബാദ് ആശുപത്രിയിലും കുട്ടികളുടെ കൂട്ടമരണം

ഒൻപതു നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അഹമ്മദാബാദ് സർക്കാർ സിവിൽ ആശുപത്രിക്കു പുറത്തു നടന്ന പ്രതിഷേധത്തിൽ സുരക്ഷാജീവനക്കാരനോടു കയർക്കുന്ന സ്ത്രീ. ചിത്രം: എപി

അഹമ്മദാബാദ്∙ കുട്ടികളുടെ കൂട്ടമരണത്തിനു കുപ്രസിദ്ധമായ ഗോരഖ്പുർ സർക്കാർ ആശുപത്രിയിലെ ദുരന്തം ഓർമിപ്പിച്ച് അഹമ്മദാബാദും. സർക്കാർ സിവിൽ ആശുപത്രിയിൽ ശനിയാഴ്ച മാത്രം മരിച്ച കുട്ടികൾ ഒൻപത്. ഇതിൽ അഞ്ചു പേരെ മറ്റ് ആശുപത്രികളിൽ നിന്നു കൊണ്ടുവന്നതാണ്. നാലു പേർ ഇതേ ആശുപത്രിയിൽ ജനിച്ച കുഞ്ഞുങ്ങൾ.

ബന്ധുക്കൾ അക്രമാസക്തരാകാതിരിക്കാൻ ആശുപത്രിക്കു പൊലീസ് കാവൽ ഏർപ്പെടുത്തി. മറ്റ് ആശുപത്രികൾ എഴുതിത്തള്ളുന്ന കേസുകളാണു സിവിൽ ആശുപത്രിയിൽ എത്തുന്നതെന്നും, ഡോക്ടർമാരുടെ കുറവല്ല മരണങ്ങൾക്കു കാരണമെന്നും മെഡിക്കൽ സൂപ്രണ്ട് എം.എം. പ്രഭാകർ പറഞ്ഞു.