ന്യൂഡൽഹി∙ പാരഡൈസ് രേഖകളിൽ സൂചിപ്പിക്കുന്ന ഇടപാടുകൾ വ്യക്തിപരമല്ലെന്നു കേന്ദ്രമന്ത്രി ജയന്ത് സിൻഹ പ്രതികരിച്ചു. ഒമിദ്യാർ നെറ്റ്‌വർക്ക് എംഡിയെന്ന നിലയിലും ഡി ലൈറ്റ് ബോർഡ് ഡയറക്ടറെന്ന നിലയിലും പ്രവർത്തിച്ചപ്പോൾ നിയമപരമായി നടത്തിയ ഇടപാടുകളാണ്. ഈ ഇടപാടുകളെല്ലാം സ്ഥാപനത്തിന്റെ റിട്ടേണുകളിൽ ഉൾപ്പെട്ടിരുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റയുടൻ സ്ഥാപനങ്ങളിൽ നിന്നു രാജിവച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേന്ദ്രമന്ത്രി ജയന്ത് സിൻഹ ഉൾപ്പെട്ട ആരോപണങ്ങളെക്കുറിച്ചു ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചില്ല.
നിക്ഷേപം നേരത്തേ വെളിപ്പെടുത്തിയത്: രവി കൃഷ്‌ണ
ചെന്നൈ∙ മൊറീഷ്യസിൽ നിന്നുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ റിസർവ് ബാങ്കിനോടു വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും റിസർവ് ബാങ്കിൽനിന്നു ലഭിച്ച പെർമിറ്റിന്റെയും മറ്റും വിവരങ്ങൾ സിബിഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ലഭ്യമാക്കിയിട്ടുണ്ടെന്നും രവി കൃഷ്‌ണ പറഞ്ഞു.
ഇതുവരെയും കുറ്റപത്രം നൽകിയിട്ടില്ല. ആരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്‌തിട്ടു പോലുമില്ല. തെറ്റൊന്നും ചെയ്യാത്തവരെ എത്രകാലം പീഡിപ്പിക്കും? സച്ചിനും കാർത്തിയും സ്വതന്ത്ര ഡയറക്‌ടർമാരായിരുന്നു; ഓഹരിയുടമകളല്ല. തനിക്കു കമ്പനിയിൽ ആദ്യം 25% ഓഹരിയുണ്ടായിരുന്നു. പിന്നീടതു 11 ശതമാനമായി, ഇപ്പോൾ ആകെ രണ്ടു ശതമാനമാണുള്ളത്.
അതും വ്യക്‌തിപരമായ കാരണങ്ങളാലാണ്. രവി കൃഷ്‌ണയ്‌ക്ക് ഓഹരി പങ്കാളിത്തമുള്ള സിഖിറ്റ്‌സ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്‌ഥാപനത്തിൽ മുതൽമുടക്കിയിട്ടുള്ള കമ്പനിയാണു മൊറീഷ്യസിൽ റജിസ്റ്റർ ചെയ്‌ത ഗ്ലോബൽ മെഡിക്കൽ റെസ്‌പോൺസ് ഓഫ് ഇന്ത്യ. രാജസ്‌ഥാനിൽ ആംബുലൻസ് അഴിമതിയുടെ പേരിൽ സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയാണു സിഖിറ്റ്‌സ ഹെൽത്ത് കെയർ. രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പി.ചിംദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിവരുമുൾപ്പെടുന്നതാണു കേസ്.