അഹമ്മദാബാദ് ∙ നിഥിൻ പട്ടേലിന്റെ പ്രതിഷേധത്തിനു മുന്നിൽ ബിജെപി കീഴടങ്ങി. ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് ധനകാര്യ വകുപ്പ് അനുവദിച്ചു. നേരത്തേ കിട്ടിയ വകുപ്പുകളുടെ ചുമതലയേൽക്കാതെ ഉടക്കി നിന്ന നിഥിൻ പട്ടേൽ തൊട്ടുപിന്നാലെ ചുമതലയേൽക്കുകയും ചെയ്തു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഇടപെടലുണ്ടായതോടെയാണു ഗുജറാത്ത് ബിജെപിയെ വിഷമിപ്പിച്ച തർക്കത്തിന് അയവുണ്ടായത്.
കഴിഞ്ഞതവണ വിജയ് രൂപാണി മന്ത്രിസഭയിൽ ധനവകുപ്പിന്റെ ചുമതലയോടെ ഉപമുഖ്യമന്ത്രിയായിരുന്നു നിഥിൻ പട്ടേൽ. എന്നാൽ, ഇത്തവണ ജയിച്ചുവന്ന ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം വീണ്ടും നൽകിയെങ്കിലും സുപ്രധാനമായ ധനവകുപ്പു കൊടുത്തില്ല. പകരം, അംബാനി സഹോദരന്മാരുടെ അളിയനായ സൗരഭ് പട്ടേലിനാണു ധനകാര്യം നൽകിയത്. ആരോഗ്യം, റോഡ് തുടങ്ങിയ താരതമ്യേന പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണു നിഥിനു നീക്കിവച്ചത്. പ്രതിഷേധിച്ച നിഥിൻ ചുമതലയേറ്റില്ല. പകരം അമിത് ഷായ്ക്കു പ്രതിഷേധം അറിയിച്ചു കത്തു നൽകി.
ഇതിനിടെ, വിവിധ പട്ടേൽ സമുദായ ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തി. നിഥിൻ പട്ടേലിന്റെ മണ്ഡലമായ മെഹ്സാനയിൽ ഇന്നു ഹർത്താലിന് ആഹ്വാനം നൽകിയിരുന്നു. നിഥിനോടു ബിജെപി വിട്ട് എംഎൽഎമാരുമായി കോൺഗ്രസിലേക്കു വരാൻ ഹാർദിക് പട്ടേൽ ആവശ്യപ്പെട്ടു. ചില കോൺഗ്രസ് നേതാക്കൾ നിഥിനെ മുഖ്യമന്ത്രിയാക്കാമെന്നു വരെ വാഗ്ദാനം ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോകുമെന്നു തിരിച്ചറിഞ്ഞു ബിജെപി ഉടൻ ഇടപെടുകയായിരുന്നു. ഇന്നലെ മെഹ്സാനയിൽ എത്തിയ നിഥിൻ പട്ടേൽ, ‘പ്രശ്നം വകുപ്പിന്റേതല്ല, ആത്മാഭിമാനത്തിന്റേതാണ്’ എന്നു പറഞ്ഞു.