ബാലസോർ (ഒഡീഷ)∙ ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും (ഐസിബിഎം) അഗ്നി പരമ്പരയിൽ അഞ്ചാമത്തേതുമായ അഗ്നി–5 ഒഡീഷ തീരത്തു നിന്നു വിജയകരമായി പരീക്ഷിച്ചു. പരീക്ഷണാർഥം 19 മിനിറ്റ് പറന്ന മിസൈൽ 4900 കിലോമീറ്റർ താണ്ടി ലക്ഷ്യം കണ്ടു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള മിസൈലാണ് അഗ്നി 5. മൂന്നു ഘട്ടങ്ങളിലായി ഘര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈൽ വികസിപ്പിച്ചതു പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ്.
ഉപയോഗത്തിനു പൂർണ സജ്ജമായ ശേഷം നടത്തിയ അഗ്നി അഞ്ചിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. പല ഘട്ടങ്ങളിലായി നാലു പരീക്ഷണങ്ങൾ മുൻപു നടത്തിയിരുന്നു. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി 5 ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണെന്നു സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇരു രാജ്യങ്ങളും പൂർണമായി മിസൈൽ പരിധിയിലാണ്.
അഗ്നി 5 ഔദ്യോഗികമായി സൈന്യത്തിന്റെ ആയുധപ്പുരയിലെത്തുന്നതോടെ അയ്യായിരത്തിനു മുകളിൽ ദൂരപരിധിയുള്ള മിസൈലുകൾ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേരും. നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയവയാണ് ഈ രാജ്യങ്ങൾ.
തൊടുത്താൽ തകർത്തിരിക്കും
ഒരിക്കൽ പ്രയോഗിച്ചാൽ തിരികെപ്പിടിക്കാൻ കഴിയാത്ത ആയുധങ്ങളുടെ പട്ടികയിലാണ് അഗ്നി 5. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ എന്ന വിഭാഗത്തിൽപെട്ട ഈ മിസൈൽ തൊടുത്തു കഴിഞ്ഞാൽ പിന്നീടു മിസൈൽവേധ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചു മാത്രമേ തടുക്കാനാകൂ. അഗ്നി അഞ്ചിനെ തടുക്കാൻ പാകത്തിനുള്ള ഇന്റർസെപ്റ്റർ മിസൈൽ അമേരിക്ക, റഷ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ കൈവശം മാത്രമാണുള്ളത്.
കൃത്യമായി ദൂരപരിധി?
അയ്യായിരത്തിലധികം കിലോമീറ്ററുകളാണ് ഡിആർഡിഒ മിസൈലിനു പറഞ്ഞിരിക്കുന്ന ദൂരപരിധി. എന്നാൽ ഇതു സംബന്ധിച്ച് രാജ്യാന്തരതലത്തിൽ ചൈന തർക്കമുയർത്തിയിരുന്നു. യഥാർഥത്തിൽ മിസൈലിന് 8000 കിലോമീറ്റർ ദൂരപരിധിയുണ്ടെന്നാണു ചൈനയുടെ വാദം.