Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസൈൽ കരുത്തുകാട്ടി ഇന്ത്യൻ സേന; അഗ്നി–2 പരിശീലനം വിജയം

AGNI-2 അഗ്നി–2 ഒഡീഷയിൽനിന്നു വിക്ഷേപിച്ചപ്പോൾ. ചിത്രം∙ ട്വിറ്റർ

ബാലസോർ (ഒഡീഷ) ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര, ആണവ ബാലിസ്റ്റിക് മിസൈലും (ഐസിബിഎം) അഗ്നി പരമ്പരയിൽ രണ്ടാമത്തേതുമായ അഗ്നി–2 പരീക്ഷണ വിക്ഷേപണം വിജയം. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിൽനിന്നാണു മിസൈൽ വിക്ഷേപിച്ചത്.

സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡ് (എസ്എഫ്സി) ആണു മിസൈൽ പരീക്ഷിച്ചത്. 2000 കിലോമീറ്ററിൽ അധികമാണു ദൂരപരിധി. ഭൂതല–ഭൂതല മിസൈലായ അഗ്നി–2,  ദ്വീപിലെ ലോഞ്ച് കോംപ്ലക്സ് നാലിൽനിന്നു രാവിലെ 8.38 നാണു കുതിച്ചുയർന്നത്. 20 മീറ്റർ നീളമുള്ള മിസൈലിന് 17 ടൺ ആണു ഭാരം. പേ ലോഡായി 1,000 കിലോ വഹിക്കാനാകും. നിലവിൽ സൈന്യത്തിന്റെ ഭാഗമായ അഗ്നി–2 ന്റെ പരിശീലന വിക്ഷേപമാണ് നടന്നതെന്നു ഡിആർഡിഒ അറിയിച്ചു.

ഈ മാസം തുടക്കത്തിൽ അഗ്‌നി–1 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. 700 കിലോമീറ്ററാണു ദൂരപരിധി. 12 ടൺ ഭാരവും 15 മീറ്റർ നീളവുമുണ്ട്. ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാനാകും. അഗ്നി–3 ന് 3000 കിലോമീറ്ററാണു ദൂരപരിധി. അഗ്നി – 4, അഗ്നി – 5 എന്നിവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ്. ജനുവരിയിൽ അഗ്നി–5 വിജയകരമായി പരീക്ഷിച്ചു. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി – 5 ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണ്. ഈ രണ്ടു അയൽരാജ്യങ്ങളും പൂർണമായി ഈ മിസൈലിന്റെ പരിധിയിലാണ്.

അഗ്നി – 5 ഔദ്യോഗികമായി സൈന്യത്തിന്റെ ആയുധപ്പുരയിലെത്തുന്നതോടെ 5000 കിലോമീറ്ററിനു മേൽ ദൂരപരിധിയുള്ള മിസൈലുകൾ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേരും. നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയവയ്ക്കു മാത്രമേ ഈ മിസൈൽ ഉള്ളൂ. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ വിഭാഗത്തിൽപെട്ട അഗ്നി–5 ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ മിസൈൽവേധ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചു മാത്രമേ തടുക്കാനാകൂ.