ഗുപ്തമാർ അവിടെ പിടികിട്ടാപ്പുള്ളികൾ, ഇവിടെ സർക്കാർ സംരക്ഷണത്തിൽ

അജയ്, അതുൽ, രാജേഷ്

ഡെറാഡൂൺ∙ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുടെ രാജിയിൽ കലാശിച്ച അഴിമതിക്കേസിൽ ഉൾപ്പെട്ട ഗുപ്ത സഹോദരന്മാർക്ക് ഉത്തരാഖണ്ഡ് സർക്കാർ നൽകുന്നത് സെഡ് കാറ്റഗറി സുരക്ഷ. ദക്ഷിണാഫ്രിക്കയിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ട അജയ്, അതുൽ, രാജേഷ് എന്നീ സഹോദരന്മാർക്കാണ് ഇവിടെ സർക്കാർ സംരക്ഷണം നൽകുന്നത്. ഇവരുമായി ബന്ധമുള്ള അനിൽ ഗുപ്ത, വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ മന്ത്രിക്കു തുല്യമായ പദവി വഹിച്ചിരുന്നു.

ബഹുഗുണ പിന്നീടു ബിജെപിയിൽ ചേർന്നു‌. ബഹുഗുണയ്ക്കുശേഷം അധികാരത്തിൽ വന്ന ബിജെപി സർക്കാർ സുരക്ഷ പിൻവലിച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ചട്ടപ്രകാരം തന്നെയാണു സുരക്ഷ അനുവദിച്ചിട്ടുള്ളതെന്നു സർക്കാർ വ്യക്തമാക്കി. ഡെറാഡൂണിലെ സമ്പന്നർ താമസിക്കുന്ന കഴ്സൺ റോഡിൽ വമ്പൻ മാളികയാണു ഗുപ്തമാർക്കുള്ളത്.

സുമ രാജിവച്ച ദിവസം ഇവിടെയുണ്ടായിരുന്ന അജയ് പിറ്റേന്നു ഹെലികോപ്റ്ററിൽ എവിടേക്കോ പോയി. ബിജെപി, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി നേതാക്കളുമായി നല്ല ബന്ധം പുലർത്തിവരുന്നവരാണു ഗുപ്ത സഹോദരന്മാർ.