കൊലക്കേസ് പ്രതി ജയിലിൽ നിന്നു പുറത്തുവിട്ട വിഡിയോ വിവാദമായി

ജയ്പുർ∙ മതവിദ്വേഷ കൊലപാതകത്തിന്റെ പേരിൽ ജോധ്പുർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടയാൾ അവിടെ നിന്നു വിഡിയോ ചിത്രീകരിച്ചു പുറത്തുവിട്ടു. ബംഗാളിൽനിന്നുള്ള തൊഴിലാളി അഫ്രസുൾ ഖാനെ കൊലപ്പെടുത്തുകയും അതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്നു ജയിലിലായ ശംബുലാൽ റേഗറാണു പുതിയ വിഡിയോ പുറത്തുവിട്ടത്.

ലൗ ജിഹാദുകാർക്കു പാഠമാകട്ടെ എന്നു പറഞ്ഞാണ് ഇയാൾ ഡിസംബർ ആറിനു ബംഗാളി തൊഴിലാളിയെ വെട്ടിക്കൊന്നത്. വിദ്യാർഥിയായ മരുമകനെക്കൊണ്ട് ഇതിന്റെ വിഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ജയിലിൽ ഒറ്റയ്ക്കു പാർപ്പിച്ചിരിക്കുന്ന ഇയാൾ കടലാസിൽ എഴുതിയശേഷം വായിച്ചു റെക്കോർഡ് ചെയ്തിരിക്കുകയാണ്. ജയിലിൽ ഫോൺ എത്തിയതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.