മുംബൈ ∙ പിഎൻബി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ 44 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. ഇതിൽ 30 കോടി രൂപയുടേതു നിക്ഷേപവും ശേഷിക്കുന്നത് ഓഹരികളുമാണ്. ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ ശേഖരവും ഇന്നലെ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഒരാഴ്ചത്തെ റെയ്ഡിനിടെ 176 സ്റ്റീൽ അലമാരകൾ, 158 വലിയ പെട്ടികൾ, 60 കണ്ടെയ്നറുകൾ എന്നിവ നിറയെ സാധനങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 5870 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തതായി ഇഡി അധികൃതർ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിൽ പരിശോധന തുടരുകയാണ്.
ചോദ്യംചെയ്യലിനു തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പട്ടു നീരവ് മോദിയുടെ ഭാര്യ ആമിക്ക് ഇഡി സമൻസ് അയച്ചു. അന്നുതന്നെ ഹാജരാകാൻ നീരവിനും ബിസിനസ് പങ്കാളിയായ അമ്മാവൻ മെഹുൽ ചോക്സിക്കും സമൻസ് അയച്ചതിനു പിന്നാലെയാണിത്. പാസ്പോർട്ട് മരവിപ്പിച്ചിരിക്കുന്നതിനാൽ എത്താനാകില്ലെന്ന് ആദ്യത്തെ സമൻസിനു നീരവ് കഴിഞ്ഞദിവസം മറുപടി നൽകിയിരുന്നു.