ന്യൂഡൽഹി∙ പതിനാറു രാജ്യങ്ങൾ പങ്കെടുക്കുന്ന എട്ടു ദിവസത്തെ സംയുക്ത നാവികസേനാ അഭ്യാസങ്ങളിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചു. ‘മിലൻ’ എന്ന പേരിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മാർച്ച് ആറുമുതൽ നടത്തുന്ന വാർഷിക അഭ്യാസങ്ങളിൽ നിന്നു വിട്ടുനിൽക്കാനുള്ള കാരണമൊന്നും അവർ അറിയിച്ചിട്ടില്ല. എന്നാൽ, മാലദ്വീപിലെ പ്രസിഡന്റ് അബ്ദുല്ല യമീൻ സുപ്രീം കോടതിയുടെ ഉത്തരവു നടപ്പാക്കാത്തതിനെയും അടിയന്തരാവസ്ഥ നീട്ടിയതിനെയും ഇന്ത്യ വിമർശിച്ചതാണു നീരസത്തിനു കാരണമെന്നു കരുതുന്നു.
മേഖലയിൽ ചൈനയുടെ സേനാ സാന്നിധ്യം ഭീഷണിയായി വളരുന്ന സാഹചര്യത്തിലാണ് ഇന്ത്യ 1995ൽ വിവിധ രാജ്യങ്ങളെ സംഘടിപ്പിച്ചു നാവിക അഭ്യാസങ്ങൾക്കു തുടക്കം കുറിച്ചത്. ആദ്യവർഷം അഞ്ചു രാജ്യങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഇന്ത്യൻ സമുദ്രത്തിലെ അയൽരാജ്യങ്ങൾ പൊതുവിഷയങ്ങൾ ചർച്ച ചെയ്യാനും കൂടുതൽ സഹകരണം ഉറപ്പുവരുത്താനുമാണ് ഈ വേദി ഉപയോഗപ്പെടുത്തുന്നത്.
തടവിലുള്ള പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ മറികടക്കാനാണു ഫെബ്രുവരി അഞ്ചിന് പ്രസിഡന്റ് അബ്ദുല്ല യമീൻ മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം അടിച്ചമർത്തുകയും ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരെ തടവിലാക്കി.
കാര്യങ്ങൾ വിശദീകരിക്കാൻ വിവിധ രാജ്യങ്ങളിലേക്കു പ്രതിനിധികളെ അയച്ചുവെങ്കിലും ഇന്ത്യ സന്ദർശനാനുമതി നൽകിയില്ല. തുടർന്ന് അടിയന്തരാവസ്ഥ ഒരു മാസം നീട്ടിയതിനെയും ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു. യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ, യുഎൻ എന്നിവയും യമീനോട് അടിയന്തരാവസ്ഥ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, യമീൻ സർക്കാർ കഴിഞ്ഞ ദിവസം നാലു പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തെന്ന് ഇന്നലെ പ്രതിപക്ഷം ആരോപിച്ചു. ഇതിൽ രണ്ടുപേർ– മുഹമ്മദ് അമീത്, അബ്ദുല്ല അഹമ്മദ്– അടുത്തകാലത്തു യമീന്റെ പാർട്ടി വിട്ടു പ്രതിപക്ഷത്തോടു ചേർന്നവരാണ്.