ന്യൂഡൽഹി∙ വൈഎസ്ആർ കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ വ്യാഴാഴ്ച തീരുമാനിച്ച ടിഡിപി ഇന്നലെ നിലപാടു മാറ്റി, സ്വന്തമായി അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ്, ആന്ധ്രയിൽ പ്രതിപക്ഷം മേൽക്കൈ നേടുന്നതു തടയാനാണു സൂത്രശാലിയായ ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. വൈഎസ്ആർ കോൺഗ്രസിന്റെ പ്രമേയത്തെ പിന്തുണച്ചാൽ ടിഡിപി അവരുടെ നിഴലിലാകുമായിരുന്നു.
ബിജെപിയാകട്ടെ, ആന്ധ്രയിൽ ഒറ്റപ്പെടുകയാണ്. കേന്ദ്ര മന്ത്രിസഭയിൽനിന്നു ടിഡിപി പിൻവാങ്ങിയതിനു പിന്നാലെ, ആന്ധ്രയിലെ കൂട്ടുകക്ഷി മന്ത്രിസഭയിൽനിന്നു ബിജെപിയും പിൻവാങ്ങിയിരുന്നു. ഇപ്പോഴത്തെ നിലയിൽ അടുത്ത തിരഞ്ഞെടുപ്പിനെ അവർ ഒറ്റയ്ക്കു നേരിടേണ്ടി വരും.