വിശാഖപട്ടണം∙ വ്യാപകനാശം വിതച്ച് പെതായി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് വീശിയടിക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം കിഴക്കൻ ഗോദാവരി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട് െചയ്തിട്ടില്ലെന്നു സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് വിതയ്ക്കുന്നത്. 16 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് സഞ്ചരിക്കുന്നത്. ഇതിനെതുടർന്നു 23-ഓളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കലക്ടർമാർക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജാഗ്രതാ നിർദേശം നൽകി.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ഓങ്കോളിനും കക്കിനാഡയ്ക്കും ഇടയിൽ പെതായി കരതൊടുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രം നൽകിയിരുന്ന മുന്നറിയിപ്പ്. കാറ്റ് 110 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെത്തുടർന്നു ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ള എട്ട് തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകുകയും ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
60 പേരുടെ ദേശീയ ദുരന്ത നിവാരണ സംഘത്തെയും വിവിധ സേനകൾ ഉൾപ്പെടുന്ന 10,000 പേരുടെ സംസ്ഥാന സംഘത്തെയും തീരപ്രദേശങ്ങിൽ വിന്യസിച്ചിട്ടുണ്ട്.