മുംബൈ∙ ശ്രീദേവി ചെയ്യാനിരുന്ന ആ വേഷത്തിൽ ഇനി മാധുരി ദീക്ഷിത് എത്തും. കരൺ ജോഹർ, ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിലാണു സഞ്ജയ് ദത്തിനൊപ്പം ശ്രീദേവി അഭിനയിക്കാനിരുന്നത്. പകരക്കാരിയായി മാധുരി എത്തുന്ന വിവരം ശ്രീദേവിയുടെ മകൾ ജാൻവി കപൂർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
‘അമ്മയുടെ ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്ന ചിത്രമാണത്. ആ മനോഹര സിനിമയുടെ ഭാഗമാകാൻ തയാറായ മാധുരിജിക്ക് ഞങ്ങളുടെ നന്ദി’ എന്നു കുറിച്ച ജാൻവി, മാധുരിയും ശ്രീദേവിയും ഒന്നിച്ചുനിൽക്കുന്ന ചിത്രവും പങ്കുവച്ചു. അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ‘ഷിദ്ദത്ത്’, ഇന്ത്യ–പാക്ക് വിഭജനത്തിന്റ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ്. ഇവർക്കൊപ്പം ബോളിവുഡിലെ വൻതാരനിരയും ചിത്രത്തിലുണ്ട്.