ലൊസാഞ്ചലസ്∙ ഇന്ത്യയുടെ പ്രിയതാരങ്ങളുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഓസ്കർ വേദിയും. തൊണ്ണൂറാമത് ഓസ്കർ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ചുള്ള ‘ഇൻ മെമോറിയം’ വിഭാഗത്തിലാണ് അന്തരിച്ച മറ്റു ചലച്ചിത്ര പ്രതിഭകൾക്കൊപ്പം ശ്രീദേവിയെയും ശശി കപൂറിനെയും അനുസ്മരിച്ചത്.
കഴിഞ്ഞ വർഷം ലോകത്തോടു വിട പറഞ്ഞ പ്രതിഭകളെ പുരസ്കാര ദാനച്ചടങ്ങിനിടെ അനുസ്മരിക്കുന്നതാണ് ‘ഇൻ മെമോറിയം’ വിഭാഗം. ബോളിവുഡ് സൂപ്പർസ്റ്റാർ പരിവേഷത്തോടൊപ്പം രാജ്യാന്തര ചലച്ചിത്രമേഖലയിലും പേരെടുത്ത നടനായിരുന്നു ശശി കപൂർ. ദ് ഹൗസ്ഹോൾഡർ, ഷെയ്ക്സ്പിയർ വാലാ, ദ് ഗുരു, ബോംബെ ടാക്കി, ഇൻ കസ്റ്റഡി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ശശി കപൂർ അഭിനയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിൽ ഹോട്ടലിലെ ബാത്ടബിൽ ശ്രീദേവി മുങ്ങിമരിച്ചത്. അൻപത്തിനാലുകാരിയായ ശ്രീദേവിയുടെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. മുംബൈ ഇന്നേവരെ കാണാത്തവിധം ജനബാഹുല്യത്തോടെയായിരുന്നു പ്രിയനടിക്ക് ചലച്ചിത്രലോകവും ആരാധകരും യാത്രാമൊഴി നൽകിയത്.
ജയിംസ് ബോണ്ട് താരം റോജർ മൂർ, മേരി ഗോൾഡ്ബർഗ്, ജോഹാൻ ജൊഹാൻസൺ, ജോൺ ഹേഡ്, സാം ഷെപാഡ്, ജോനഥൻ ഡെമി, ജോർജ് റൊമെറോ, തുടങ്ങിയവർക്കും ഓസ്കർ വേദി ആദരാഞ്ജലികൾ അർപ്പിച്ചു.