ബാലപീഡനം: ആദ്യ വധശിക്ഷാ വിധി ഗുജറാത്തിൽ

അഹമ്മദാബാദ് ∙ ബാലപീഡനത്തിനു വധശിക്ഷ നൽകാൻ നിഷ്കർഷിക്കുന്ന ഓർഡിനൻസ് പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആദ്യവിധി ഗുജറാത്തിൽ. നാലുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയശേഷം കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിനാലുകാരനു വധശിക്ഷ.

ബറൂച്ച് ജില്ലയിലെ ജാംബുസർ താലൂക്കിൽ ബാലനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അതിക്രൂരമാണെന്നു ചൂണ്ടിക്കാട്ടിയാണു ശംബു പാധ്യാറിനു ജഡ്ജി എച്ച്.എ.ദാവെ വധശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗികക്കുറ്റവും കുട്ടികൾക്കു നേരെയുള്ള അതിക്രമക്കുറ്റവും തെളിഞ്ഞതിനെത്തുടർന്നായിരുന്നു ശിക്ഷ. 2016ൽ ബാലനെ ഐസ്ക്രീം നൽകി വശീകരിച്ചു പല തവണ പീഡിപ്പിക്കുകയും അതിനുശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.