Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ: 3 ഏക്കർ വ്യവസ്ഥ റദ്ദാക്കിയത് ശരിവച്ചു

CBSE logo

ന്യൂഡൽഹി∙ മൂന്ന് ഏക്കർ ഭൂമിയും 300 വിദ്യാർഥികളുമുള്ള സ്കൂളുകൾക്കു മാത്രമേ സിബിഎസ്ഇ അഫിലിയേഷന് എൻഒസി നൽകുകയുള്ളു എന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തു സിബിഎസ്ഇ സ്കൂളുകൾ കൂണുപോലെ മുളച്ചുപൊന്തുന്നുവെന്നതു പൊതുവിദ്യാഭ്യാസ മേഖലയിലെ നിലവാരമില്ലായ്മയാണു സൂചിപ്പിക്കുന്നതെന്നു ജഡ്ജിമാരായ മദൻ ബി.ലോക്കൂർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വിധിയിൽ വിമർശിച്ചു.

ഹൈക്കോടതി വിധിക്കെതിരെ സർക്കാരാണ് അപ്പീൽ നൽകിയത്. ഇതേ കേസിൽ കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒരു വർഷമായിട്ടും ഉത്തരം നൽകാത്തതിനു സംസ്ഥാന സർക്കാരിനു സുപ്രീം കോടതി കഴിഞ്ഞ മാർച്ചിൽ ഇടക്കാല ഉത്തരവിലൂടെ ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സർക്കാരിന്റെ ഒഴിഞ്ഞുമാറ്റം സിബിഎസ്ഇ സ്കൂളുകൾക്കായി 2011 ഒക്ടോബർ ഏഴിനു സർക്കാർ നിർദേശിച്ച മാർഗരേഖ പാലിക്കുന്ന എത്ര സർക്കാർ, എയ്ഡഡ് സ്കൂളുകളുണ്ടെന്നാണ് 2016 നവംബർ ആറിന് കോടതി ചോദിച്ചത്.

അഴകൊഴമ്പൻ മറുപടിയാണു സർക്കാർ നൽകിയതെന്നു കോടതി ചൂണ്ടിക്കാട്ടി. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് ഈ മാർഗരേഖ ബാധകമല്ലെന്നാണു സർക്കാർ വ്യക്തമാക്കിയത്. ഇതു വിചിത്രമാണ്. സർക്കാരുണ്ടാക്കിയ മാർഗരേഖ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കു മാത്രം ബാധകമല്ല. തോന്നുംപടിയുള്ള ഈ വേർതിരിവിനു കാരണം പറയുന്നുമില്ല. മുന്നൂറു വിദ്യാർഥികളെങ്കിലുമുള്ള സ്കൂളുകൾക്കു മാത്രമേ അഫിലിയേഷൻ നൽകൂ എന്നു സിബിഎസ്ഇക്കു വ്യവസ്ഥയില്ല.

എന്നാൽ, വ്യവസ്ഥ അടിച്ചേൽപിക്കാനാണു സർക്കാർ ശ്രമിച്ചത്. കേരളത്തിലെ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ മൂന്ന് ഏക്കർ ഭൂമി വേണമെന്നതു പ്രായോഗികമായ വ്യവസ്ഥയല്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേകത കണക്കിലെടുത്തു ഭൂമി പരിധി വ്യവസ്ഥയിൽ ഉദാര സമീപനമാണ് സിബിഎസ്ഇ സ്വീകരിച്ചിട്ടുള്ളത്. വിദ്യാർഥികൾക്കു സവിശേഷ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമോയെന്ന വിഷയത്തിൽ കോടതി നിലപാട് പറഞ്ഞില്ല.