Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിന്നാ ചിത്രം: അലിഗഡ് സർവകലാശാലയിൽ വിദ്യാർഥി സംഘർഷം

jinnah

ന്യൂഡൽഹി∙ മുഹമ്മദാലി ജിന്നയുടെ ഛായാചിത്രവുമായി ബന്ധപ്പെട്ട് അലിഗഡ് സർവകലാശാലയിൽ വിദ്യാർഥി സംഘർഷം. വിദ്യാർഥി യൂണിയൻ ഓഫിസ് ചുമരിലെ ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടു പുറമേനിന്നുള്ള ബിജെപി അനുകൂല വിദ്യാർഥികൾ ക്യാംപസിൽ അതിക്രമിച്ചു കടന്നതോടെയാണു സംഘർഷത്തിനു തുടക്കം. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സർവകലാശാലാ വിദ്യാർഥികൾ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു.

ജിന്നയുടെ ഛായാചിത്രം പ്രദർശിപ്പിച്ചിരിക്കുന്നതു ചോദ്യം ചെയ്തു തിങ്കളാഴ്ച അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം, വൈസ് ചാൻസലർ താരിഖ് മൻസൂറിനു കത്തെഴുതിയിരുന്നു. എന്നാൽ, സർവകലാശാലയുടെ സ്ഥാപക അംഗങ്ങളിലൊരാളാണു ജിന്നയെന്നു സർവകലാശാല ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ വാദവുമായി ജിന്ന രംഗത്തെത്തുന്നതിനും മുൻപേ 1920 ൽ സർവകലാശാല കോർട്ടിൽ അദ്ദേഹത്തിന് അംഗത്വം ലഭിച്ചതാണ്. ദശകങ്ങളായി ഈ ചിത്രം അവിടെയുള്ളതാണ്. സ്വാതന്ത്ര്യാനന്തരം ദേശീയനേതാക്കളാരും ഇതിനെ എതിർത്തിട്ടില്ലെന്നു സർവകലാശാലാ വക്താവ് പ്രസ്താവിച്ചു.

അതിനിടെ, 48 മണിക്കൂറിനകം ജിന്നാചിത്രം നീക്കം ചെയ്യണമെന്ന അന്ത്യശാസനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദുയുവവാഹിനിയും രംഗത്തെത്തി. ക്യാംപസ് വളപ്പിൽ ആർഎസ്എസ് ശാഖ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു വിസിക്കു കഴിഞ്ഞയാഴ്ച ഒരു വിദ്യാർഥി കത്തെഴുതിയിരുന്നു. യഥാർഥപ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണു ജിന്ന ചിത്രവിവാദമെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.