അലിഗഡ്∙ ക്യാംപസിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ (എഎംയു) വാർഷിക പരീക്ഷകൾ ഇന്നലെ മാറ്റിവച്ചു. ഈ മാസം രണ്ടിനു നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടു രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേസമയം, ക്യാംപസിലെ അക്രമങ്ങളെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വാഴ്സിറ്റി പൂർവ വിദ്യാർഥി സംഘടനയുടെ ഡൽഹി ഘടകം ആവശ്യപ്പെട്ടു.
വാർഷിക പരീക്ഷകൾ ഈ മാസം 12ന് ആരംഭിക്കുമെന്നു എഎംയു വൈസ് ചാൻസലർ താരിഖ് മൻസൂർ അറിയിച്ചു. ക്യാംപസിൽ അക്രമങ്ങൾ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ടു ഹിന്ദു യുവ വാഹിനിയുടെ നഗരത്തിലെ മുൻ പ്രസിഡന്റ് യോഗേഷ് വാർഷ്ണേ, അമിത് ഗോസ്വാമി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിന്നയുടെ ഛായാചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മോട്ടോർ സൈക്കിളിൽ പ്രകടനം നടത്താൻ ഇന്നലെ ചിലർ ശ്രമിച്ചെങ്കിലും നടന്നില്ല.