ജിന്നയുടെ ചിത്രം: അലിഗഡിൽ സംഘർഷാവസ്ഥ തുടരുന്നു

ന്യൂഡൽഹി ∙ മുഹമ്മദലി ജിന്നയുടെ ഛായാചിത്രത്തെ ചൊല്ലി അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ സംഘർഷാവസ്ഥ തുടരുന്നു. സർവകലാശാലയിലും അലിഗഡ് നഗരത്തിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സർവകലാശാലയ്ക്കു പുറത്തു ത്വരിത പ്രതികരണ സേനയെ (ആർഎഎഫ്) വിന്യസിച്ചു. ഇന്റർനെറ്റ് സേവനവും തടഞ്ഞിട്ടുണ്ട്. ഇതിനിടെ, പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് അഞ്ചുദിവസം ക്ലാസുകൾ ബഹിഷ്കരിക്കുമെന്നു വിദ്യാർഥികൾ പ്രഖ്യാപിച്ചു.

പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ ഓഫിസിൽ സ്ഥാപിച്ചിരിക്കുന്നതിനെതിരെ ബിജെപി എംപി സതീഷ് ഗൗതം രംഗത്തെത്തിയതോടെയാണു പ്രശ്നത്തിനു തുടക്കം. വിദ്യാർഥി യൂണിയനിൽ ആജീവനാന്ത അംഗത്വമുള്ള എല്ലാവരുടെയും ഛായാചിത്രം ഓഫിസിൽ സ്ഥാപിച്ചിട്ടുണ്ടെന്നും രാഷ്ട്രവിഭജനത്തിനു മുൻപു തന്നെ ജിന്നയ്ക്കും ഇത്തരം അംഗത്വം ലഭിച്ചിട്ടുണ്ടെന്നുമാണു സർവകലാശാലയുടെ വിശദീകരണം.

ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു തീവ്ര ഹിന്ദുത്വ സംഘടനകൾ സർവകലാശാലയിലേക്കു പ്രകടനം നടത്തിയതോടെയാണു സ്ഥിതി വഷളായത്. പ്രകടനത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ബുധനാഴ്ച പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ജിന്നയുടെ ചിത്രം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണു വിദ്യാർഥികൾ. വിദ്യാർഥികൾക്കു പിന്തുണയുമായി ഒട്ടേറെ അധ്യാപകരും രംഗത്തെത്തി. ലാത്തിച്ചാർജിൽ പരുക്കേറ്റ മൂന്നു വിദ്യാർഥികളെ വൈസ് ചാൻസലർ താരിഖ് മൻസൂർ ആശുപത്രിയിൽ സന്ദർശിച്ചു. വിദ്യാർഥികൾ കുത്തിയിരിപ്പു സമരം നടത്തുന്ന സ്ഥലത്തെത്തി അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു.

തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രകടനം സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു സർവകലാശാലാ അധ്യാപക സംഘടന രാഷ്ട്രപതി റാംനാഥ് കോവിന്ദിനു കത്തയച്ചു. പ്രകടനക്കാർ സ്ഫോടക വസ്തുക്കളുമായാണു ക്യാംപസിൽ കടന്നതെന്നും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെ ആദരിക്കുന്ന ചടങ്ങു നടക്കുന്ന ദിവസം ഇത്തരത്തിൽ പ്രകടനം നടന്നതു സുരക്ഷാ വീഴ്ചയാണെന്നും സംഘടന ആരോപിച്ചു. ഇതിനിടെ, സ്വാതന്ത്ര്യസമരത്തിൽ മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്റുവും നൽകിയതു പോലുള്ള മഹത്തായ സംഭാവനയാണു ജിന്നയും നൽകിയതെന്ന വാദവുമായി സമാജ്‌വാദി പാർട്ടി എംപി പ്രവീൺ നിഷാദ് രംഗത്തെത്തി. ജിന്നയുടെ പേരിൽ ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നു നിഷാദ് കുറ്റപ്പെടുത്തി.