ആന്ധ്രയിൽ ഇനി ഭഗീരഥപ്രയത്നം; പഴയ വൈഎസ്ആർ സൗഹൃദം മുതൽക്കൂട്ടായേക്കും

ഹൈദരാബാദ് ∙ ഉമ്മന്‍ ചാണ്ടിയുടെ കഴിവും അനുഭവസമ്പത്തും ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു കളമൊരുക്കുമോ? 2014ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാനാകാതെ പോയ പാര്‍ട്ടി ആന്ധ്ര വിഭജനത്തിന്റെ വേദനകളില്‍ ഇപ്പോഴും നീറുകയാണ്. ദിഗ്‌വിജയ സിങ് എന്ന തലമുതിര്‍ന്ന നേതാവിനെ മാറ്റിയാണ് 74 വയസ്സുള്ള ഉമ്മന്‍ ചാണ്ടിയെ പാർട്ടി കേന്ദ്രനേതൃത്വം ഈ ദൗത്യം ഏല്‍പിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനും കഷ്ടിച്ച് ഒരുവര്‍ഷം ശേഷിക്കെ, ഉമ്മൻ ചാണ്ടിക്കു പിടിപ്പതു പണിയുണ്ടെന്നു വ്യക്തം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനം പ്രാദേശിക പ്രവര്‍ത്തകരില്‍ പുത്തനുണര്‍വുണ്ടാക്കിയിട്ടുണ്ട്. ‘കോണ്‍ഗ്രസ് പാര്‍ട്ടിക്കു കേരളത്തില്‍ ശക്തിപകര്‍ന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ അനുഭവസമ്പത്തു മുതലെടുത്തു പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാമെന്നു ഞങ്ങൾക്കുറപ്പുണ്ട്’– ആന്ധ്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജംഗ ഗൗതം പറയുന്നു.

തലമുതിർന്ന ഒട്ടേറെ നേതാക്കള്‍ ആന്ധ്രയിലുണ്ട്. അവരെയെല്ലാം ഒരുമിച്ചുനിര്‍ത്തി ഒറ്റക്കെട്ടായൊരു മുന്നേറ്റം ഉമ്മൻ ചാണ്ടിക്കു സാധിക്കുമെന്ന് ജംഗ ഗൗതം വിശ്വസിക്കുന്നു. നിയമസഭയിലേക്കു 175 സീറ്റിലും മല്‍സരിക്കുകയെന്നതാണു കോണ്‍ഗ്രസിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ പ്രധാനപ്പെട്ടത്. ആന്ധ്രയ്ക്കു പ്രത്യേക പദവി നേടിയെടുക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കൂ എന്ന് ഊന്നിപ്പറഞ്ഞുള്ള പ്രചാരണമാണു പാർട്ടി പദ്ധതിയിടുന്നത്. വീടുതോറും കയറിയിറങ്ങി, വോട്ടർമാരെ കാണും. കേന്ദ്രഭരണം കോൺഗ്രസ് തിരിച്ചു പിടിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും. ഉമ്മൻ ചാണ്ടിയുമായി സംസ്ഥാന നേതാക്കളുടെ കൂടിക്കാഴ്ച വരുംദിനങ്ങളിലുണ്ടാകും.

തെലുഗുദേശവുമായി അടുക്കാനും കോൺഗ്രസിനു പദ്ധതിയുണ്ട്. എൻഡിഎ വിട്ട തെലുഗുദേശം അധ്യക്ഷനും ആന്ധ്ര മുഖ്യനുമായ ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ കുശലം പറഞ്ഞതു മുഴുവൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടായിരുന്നല്ലോ.

2014 വരെ കോൺഗ്രസ് കോട്ടയായിരുന്ന ആന്ധ്രയിൽ പഴയ പ്രതാപം വീണ്ടെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഉമ്മൻ ചാണ്ടി കുറച്ചുകാണുന്നില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തനകാലംതൊട്ടു തുടങ്ങിയ ചങ്ങാത്തമായിരുന്നു പരേതനായ വൈ.എസ്.രാജശേഖര റെഡ്ഢിയുമായി. ആ പഴയ അടുപ്പം, അദ്ദേഹത്തിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢി നേതൃത്വം നൽകുന്ന വൈഎസ്ആർ കോൺഗ്രസുമായി ഇടപെടുന്നതിനു സഹായകമാകുമെന്നു വിശ്വസിക്കുന്നതായി ഉമ്മൻ ചാണ്ടി തന്നെ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.