സ്വിസ് ബാങ്ക് നിക്ഷേപം: ഇന്ത്യ 73–ാം സ്ഥാനത്ത്; ഒന്നാമത് ബ്രിട്ടൻ

സൂറിക്∙ സ്വിസ് ബാങ്കുകളിൽ ഏറ്റവുമധികം പണം നിക്ഷേപിച്ചവരുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 73–ാം സ്ഥാനം. 101 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 7000 കോടി രൂപ) ആണ് ഇന്ത്യൻ നിക്ഷേപം. ആകെ നിക്ഷേപങ്ങളുടെ 27 ശതമാനത്തിലധികവുമായി ബ്രിട്ടനാണു പട്ടികയിൽ മുന്നിൽ. രണ്ടാം സ്ഥാനത്തു നിൽക്കുന്ന യുഎസിൽനിന്നുള്ള നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 11% വരും.

സ്വിസ് നാഷനൽ ബാങ്കിന്റെ (എസ്എൻബി) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. ഇന്ത്യയിൽനിന്നുള്ള നിക്ഷേപത്തിൽ മുൻവർഷത്തേതിൽനിന്ന് 50% വർധനയുണ്ട്. 2016ൽ ഇന്ത്യ 88–ാം സ്ഥാനത്തായിരുന്നു (ഏകദേശം 4500 കോടി രൂപ). സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ നടത്തുന്ന നിക്ഷേപത്തിന്റെ വിവരങ്ങൾ കൈമാറാൻ സ്വിറ്റ്സർലൻഡുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.

1996 – 2007 കാലത്ത് ആദ്യ 50 സ്ഥാനങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നു. 2015ൽ 75, 2014ൽ 61 സ്ഥാനങ്ങളിലായിരുന്നു. 2004ൽ 37–ാം സ്ഥാനത്തു വന്നതാണ് ഏറ്റവും ഉയർന്ന റാങ്ക്. പട്ടികയിൽ പാക്കിസ്ഥാൻ ഇന്ത്യയെക്കാൾ ഒരു സ്ഥാനം മുകളിലാണ് – 72–ാം സ്ഥാനം.

അതേസമയം, ഇന്ത്യക്കാർതന്നെ മറ്റു രാജ്യങ്ങളിൽനിന്നു സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ കണക്ക് ഇതിൽ ഉൾപ്പെടുന്നില്ല. വിദേശരാജ്യങ്ങളിൽ നിന്നുള്ള ആകെ സ്വിസ് നിക്ഷേപത്തിൽ മൂന്നു ശതമാനമാണു വർധന. വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ്, ബഹാമാസ്, ജർമനി, ഗാൺസി, ലക്സംബർഗ്, കേമാൻ ദ്വീപുകൾ എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങൾ.