സൂറിക്∙ രണ്ട് ഇന്ത്യൻ പൗരൻമാരുടെ സ്വിസ് ബാങ്ക് നിക്ഷേപ രേഖകൾ പരിശോധിക്കാൻ ഇന്ത്യയ്ക്ക് സ്വിറ്റ്സർലൻഡ് സുപ്രീം കോടതി അനുമതി നൽകി. സ്വിസ് സ്വകാര്യ ബാങ്കായ എച്ച്എസ്ബിസിയിൽ വിവിധ രാജ്യക്കാരുടെ ആയിരക്കണക്കിനു രഹസ്യനിക്ഷേപ വിവരങ്ങൾ ഫ്രഞ്ചുകാരനായ ഹാർവെ ഫൽഷ്യാനിയാണു 2008ൽ പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ, രണ്ട് ഇന്ത്യക്കാരുടെ നികുതി വെട്ടിപ്പു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണു നിക്ഷേപ വിവരങ്ങൾ ഇന്ത്യൻ അധികൃതർ ബാങ്കിനോട് ആവശ്യപ്പെട്ടത്.
അക്കൗണ്ട് വിവരങ്ങൾ തേടിയത് മോഷ്ടിക്കപ്പെട്ട ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലായതുകൊണ്ട് അനുവദിക്കരുതെന്ന ഇന്ത്യക്കാരായ ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. നികുതി വെട്ടിപ്പു കേസുകളിൽ ഉദ്യോഗസ്ഥർക്ക് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാമെന്നു കോടതി വ്യക്തമാക്കി.
ഫ്രഞ്ച് ദമ്പതികളുടെ നികുതിവെട്ടിപ്പു കേസിൽ ഫ്രഞ്ച് സർക്കാർ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരം ചോദിച്ചത് കഴിഞ്ഞ വർഷം സ്വിസ് സുപ്രീം കോടതി നിരസിച്ചിരുന്നു. മറ്റൊരു രാജ്യത്തുനിന്നു ലഭിച്ചതാണു ബാങ്ക് രേഖകൾ എന്നാണ് ഇന്ത്യൻ അധികൃതർ സ്വിസ് കോടതിയിൽ വ്യക്തമാക്കിയത്. സ്വിസ് ബാങ്ക് നിക്ഷേപ വിവരങ്ങൾ പുറത്താക്കിയ എച്ച്എസ്ബിസി മുൻ ഉദ്യോഗസ്ഥൻ കൂടിയായ ഫ്രഞ്ചുകാരനെ വ്യവസായ ചാരവൃത്തിക്ക് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ സ്വിസ് കോടതി അഞ്ചു വർഷം ജയിൽശിക്ഷ വിധിച്ചിരുന്നു.
2008ൽ 1,195 ഇന്ത്യക്കാരുടെ രഹസ്യ സ്വിസ് നിക്ഷേപ വിവരങ്ങളാണു പുറത്തുവന്നത്.