വിവരാവകാശ കമ്മിഷനിൽ അപേക്ഷക്കൂമ്പാരം; വിഷയം ഗുരുതരം: സുപ്രീം കോടതി

ന്യൂഡൽഹി∙ കേന്ദ്രത്തിലെയും കേരളമുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകളും നിയമനങ്ങളിലെ സുതാര്യതയില്ലായ്മയും അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസവും ഗുരുതരമായ വിഷയമെന്നു സുപ്രീം കോടതി. വിവരാവകാശ പ്രവർ‍ത്തകരായ മൂന്നു വ്യക്തികളുടെ പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടിസ് അയച്ചു.

കേരളത്തിൽ നാലു വിവരാവകാശ കമ്മിഷണർമാരുടെ നിയമനം ഹൈക്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതിനു പിന്നാലെയാണു സുപ്രീം കോടതി ഇടപെടൽ. സംസ്ഥാന വിവരാവകാശ കമ്മിഷനിൽ പുതിയ അംഗങ്ങളെ നിയമിച്ചതു പരിഗണനയിലുള്ള ഹർജിയുടെ തീർപ്പിനു വിധേയമായിരിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അഞ്ജലി ഭരദ്വാജ്, കൊമ്മഡോർ (റിട്ട) ലോകേഷ് കെ.ബത്ര, അമൃത ജോഹ്റി എന്നിവരുടെ ഹർജിയാണു ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് പരിഗണിച്ചത്.

എന്തുകൊണ്ടാണു നിയമനങ്ങൾ വൈകുന്നതും അപേക്ഷകൾ കെട്ടിക്കിടക്കുന്നതുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദിനോടു കോടതി ചോദിച്ചു. കേരളത്തിലെ സ്ഥിതി പുതിയ കമ്മിഷണർമാരെ നിയമിക്കുന്നതിനു മുൻപ്, കഴിഞ്ഞ ഏപ്രിൽ 24ന് ആണു സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ നിലവിൽ ഒരു കമ്മിഷണർ മാത്രമാണു സംസ്ഥാനത്തുള്ളതെന്നു ഹർജിയിൽ പറയുന്നു. മേയിലാണു നാലുപേരെ നിയമിച്ചത്.

കഴിഞ്ഞ മാർച്ച് 31 വരെയുള്ള അപേക്ഷകളും അപ്പീലുകളും സംബന്ധിച്ചു സംസ്ഥാന കമ്മിഷന്റെ വെബ്സൈറ്റിൽ‍ പറയുന്നത്:

തീർപ്പാക്കാനുള്ള അപ്പീലുകൾ – 10,772

തീർപ്പാക്കാനുള്ള അപേക്ഷകൾ – 4268

മൊത്തം – 14,990

ഈ വർഷം ലഭിച്ച അപ്പീലുകൾ – 763

തീർപ്പാക്കിയത് – 2

ഈ വർഷം ലഭിച്ച അപേക്ഷകൾ – 271

തീർപ്പാക്കിയത് – 1

കേന്ദ്രത്തിലെ സ്ഥിതി

2005ൽ പാസാക്കിയ വിവരാവകാശ നിയമനനുസരിച്ച്, വിവരങ്ങൾ ചോദിച്ചുള്ള അപേക്ഷകൾ സാധാരണഗതിയിൽ 30 ദിവസത്തിനുള്ളിലും അപ്പീൽ 45 ദിവസത്തിനുള്ളിലും തീർപ്പാക്കണം. ഹർജിയിൽ പറയുന്നതനുസരിച്ച്, കേന്ദ്രത്തിൽ നാലു കമ്മിഷണർമാരുടെ ഒഴിവുണ്ട്; 23,000 അപേക്ഷകളും അപ്പീലുകളും തീർപ്പാക്കാനുണ്ട്.

കർണാടകയിൽ ആറ് ഒഴിവുകൾ, തീർപ്പാക്കാനുള്ളത് – 33,000 അപേക്ഷകൾ, ഗുജറാത്തിലും മഹാരാഷ്ട്രയിലും മുഖ്യ വിവരാവകാശ കമ്മിഷണറെ നിയമിച്ചിട്ടില്ല; ബംഗാളിൽ ആകെ രണ്ടു കമ്മിഷണർമാരുണ്ട്, 10 വർഷം മുൻപത്തെ അപേക്ഷകളാണു പരിഗണിക്കുന്നത്. തെലങ്കാനയിലും രണ്ടു കമ്മിഷണർമാരുണ്ട്, തീർപ്പാക്കാനുള്ളതു പതിനായിരത്തിലേറെ അപേക്ഷകൾ.

നിയമനത്തിലെ പ്രശ്നം

കേരളത്തിലെ പുതിയ നിയമനങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണമാണു സുപ്രീം കോടതി ഹർജിയിലുമുള്ളത്: സുതാര്യതയില്ല, നിയമന നടപടിക്രമം സംബന്ധിച്ചു സുപ്രീം കോടതി നൽകിയ നിർദേശങ്ങൾ പാലിക്കുന്നില്ല. ഒഴിവുകൾ ഉടനെ നികത്തണമെന്നും നിയമനങ്ങൾ സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിച്ചു സുതാര്യമായി നടത്തണമെന്നുമാണു ഹർജിയിലെ ആവശ്യം.