Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവരാവകാശം: ചോദ്യങ്ങൾ വിലക്കി വനംവകുപ്പ്

rti-logo-right-to-information

മലപ്പുറം∙ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിക്കരുതെന്ന് വനംവകുപ്പ്. ചോദ്യങ്ങൾക്കു മറുപടി പറയേണ്ട കാര്യമില്ലെന്ന് സംസ്‌ഥാന വിവരാവകാശ കമ്മിഷണർ വ്യക്‌തമാക്കിയിട്ടുണ്ടെന്നാണ് വിശദീകരണം. അമിതവേഗത്തിന് വനംവകുപ്പിന്റെ എത്ര വാഹനങ്ങൾക്ക് ഈ സാമ്പത്തിക വർഷം പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന ചോദ്യത്തിനാണ് ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് വനംവകുപ്പിന്റെ (വികസന വിഭാഗം) സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ മറുപടി നൽകിയത്. മറ്റു വകുപ്പുകളിലില്ലാത്ത നിയമമാണ് സംസ്‌ഥാന വിവരാവകാശ കമ്മിഷണറുടെ പേരു പറഞ്ഞു വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.

വനം വകുപ്പിന്റെ വാഹനങ്ങൾ വേഗപരിധി ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചാർജ് നോട്ടിസുകൾ മോട്ടർവാഹന വകുപ്പിൽനിന്നും പൊലീസിൽനിന്നും ലഭിക്കുന്നുണ്ടെന്നും വേഗപരിധി  ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ട് സെപ്‌റ്റംബർ 12ന് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ (ഫിനാൻസ് ബജറ്റ് ആൻഡ് ഓഡിറ്റ്) ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ എത്ര വാഹനങ്ങൾക്ക് നോട്ടിസ് ലഭിച്ചുവെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് മറുപടി പറയാൻ നിർവാഹമില്ലെന്ന വെളിപ്പെടുത്തൽ വനംവകുപ്പിൽനിന്ന് ഉണ്ടായത്.