വിവരാവകാശനിയമ ഭേദഗതിയിൽ ആശങ്ക

ന്യൂഡൽഹി∙ വിവരാവകാശനിയമ ഭേദഗതി പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പാസാക്കാനുള്ള നീക്കത്തിൽ പ്രതിപക്ഷ കക്ഷികൾക്കും വിവരാവകാശ പ്രവർത്തകർക്കും ആശങ്ക. ഭരണഘടനാ പ്രകാരം രൂപീകൃതമായ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങൾക്കു ലഭിക്കുന്ന അതേ ശമ്പളം പാർലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപീകരിച്ച വിവരാവകാശ കമ്മിഷനിലെ അംഗങ്ങൾക്കു നൽകുന്നതു ശരിയല്ലെന്ന പഴ്സനേൽ വകുപ്പിന്റെ നിർദേശം കണക്കിലെടുത്താണു ഭേദഗതി കൊണ്ടുവരുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശമ്പളം നൽകുന്ന വിധം വ്യവസ്ഥ കൊണ്ടുവന്നാൽ വിവരാവകാശ കമ്മിഷണർമാർ സർക്കാരുകൾക്കെതിരായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ മടിക്കുമെന്നാണു പ്രവർത്തകരുടെ ആശങ്ക. വിവരാവകാശനിയമപ്രകാരം പഴ്സനേൽ വകുപ്പിനോടു നേരത്തേ വിശദാംശങ്ങൾ ആരാഞ്ഞെങ്കിലും ബിൽ പരിഗണനയിലായതിനാൽ വിവരം ലഭ്യമല്ലെന്നായിരുന്നു മറുപടി.

ബിൽ സംബന്ധിച്ചു സുതാര്യതയില്ലെന്നാണ് ആക്ഷേപം. 18ന് ആരംഭിക്കുന്ന സമ്മേളനത്തിൽ പരിഗണിക്കുന്ന ബില്ലുകളുടെ പട്ടികയിൽ ഇതുമുണ്ട്.