ന്യൂഡൽഹി∙ ശമ്പളമടക്കമുള്ള ചെലവുകൾ കുറച്ചില്ലെങ്കിൽ രണ്ടു മാസത്തിനപ്പുറം പ്രവർത്തിക്കാനാവില്ലെന്ന് ജെറ്റ് എയർവെയ്സ്. എന്നാൽ ശമ്പളം കുറയ്ക്കാനുള്ള നീക്കത്തെ പൈലറ്റുമാരും എൻജിനീയർമാരും എതിർത്തു. ഇതിനിടെ, ജനറൽ മാനേജർ മുതൽ മുകളിലോട്ടുള്ള തസ്തികകളിൽ ശമ്പളം 25% കുറച്ചു. എൻജിനീയറിങ് വിഭാഗം അടക്കമുള്ള വിഭാഗങ്ങളിൽ നിന്ന് ആളുകളെ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്.
ക്യാബിൻ ജീവനക്കാർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ എന്നിവരെയും താമസിയാതെ കുറച്ചേക്കും. ഇതിനിടെ, ജീവനക്കാർക്കും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും കമ്പനി പ്രത്യേകം വിശദീകരണം നൽകി. സ്റ്റോക്ക് എക്സ്ചേഞ്ചിനു നൽകിയ കത്തിൽ ചെലവുചുരുക്കൽ നടപടികൾ സ്വീകരിച്ചുതുടങ്ങിയതായും പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നും വ്യക്തമാക്കി.
ഉയർന്ന ഇന്ധന വിലയും രൂപയുടെ മൂല്യശോഷണവും കുറഞ്ഞ യാത്രക്കൂലിയും മൂലം വരവും ചെലവും തമ്മിലുണ്ടായ പൊരുത്തക്കേടാണ് പ്രതിസന്ധിയിലേക്കു നയിച്ചതെന്നു കമ്പനി വ്യക്തമാക്കി. ചെലവുചുരുക്കലിലൂടെ പ്രശ്നം പരിഹരിക്കാനാവുമെന്നു ജീവനക്കാരെ ചെയർമാൻ നരേഷ് ഗോയൽ അറിയിച്ചു.
എന്നാൽ സ്വയം പിരിഞ്ഞുപോകുന്നതിനു വേണ്ടിയാണ് ഈ നടപടികൾ എന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം. 25 വർഷമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയാണ് ജെറ്റ് എയർവെയ്സ്. 16,000 ജീവനക്കാരാണുള്ളത്. ഗൾഫ് വിമാനക്കമ്പനിയായ ഇത്തിഹാദിന് 24% ഓഹരി ഉണ്ട്.