ന്യൂഡൽഹി∙ ഭിന്നതകൾ മറന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു വേണ്ടി കേസ് വാദിക്കാൻ കപിൽ സിബൽ സുപ്രീംകോടതിയിൽ. ഡൽഹിയുടെ സമ്പൂർണ അധികാരം സംബന്ധിച്ച് കേന്ദ്ര സർക്കാരുമായുള്ള കേസിൽ ഡൽഹി സർക്കാരിനു വേണ്ടി കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലാണു ഹാജരായത്. ഇരുവരും തമ്മിൽ ആറുവർഷത്തോളം നീണ്ട ഭിന്നതയ്ക്കാണ് ഇതോടെ വിരാമമായത്.
2013 ൽ കപിൽ സിബലിന്റെ മകൻ അഡ്വ. അമിത് സിബൽ മുഖ്യമന്ത്രിക്കും സഹപ്രവർത്തകർക്കുമെതിരെ അപകീർത്തി കേസ് കൊടുത്തതോടെയാണ് പിണക്കം രൂക്ഷമായത്. രണ്ടാം യുപിഎ കാലത്തെ ടെലികോം മന്ത്രിയായിരുന്ന കപിൽ സിബലിനും മകൻ അമിത് സിബലിനുമെതിരെ എഎപി നേതാക്കൾ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് കേജ്‍രിവാളിനും സംഘത്തിനും എതിരെ അമിത് മാനനഷ്ടക്കേസ് നൽകിയത്. കഴിഞ്ഞ മാർച്ചിൽ എഎപി നേതാക്കൾ മാപ്പെഴുതി നൽകിയതോടെയാണ് പിണക്കത്തിന്റെ മഞ്ഞുരുകിയത്.