കുമ്പസാരം കേൾക്കാൻ കന്യാസ്ത്രീകളെയും അനുവദിക്കുന്നതിനു ലോ കമ്മിഷൻ പിന്തുണ

 ന്യൂഡൽഹി∙ ക്രൈസ്തവ സഭകളിൽ കുമ്പസാരം നിരോധിക്കണമെന്നത് എടുത്തുചാടിയുള്ള പ്രതികരണമായിരുന്നുവെന്നും കുമ്പസാരം കേൾക്കാൻ കന്യാസ്ത്രീകളെ അനുവദിക്കുകയെന്നത് പുരോഗമനപരവും യുക്തിസഹവുമായ അഭിപ്രായമാണെന്നും ലോ കമ്മിഷൻ ഓഫ് ഇന്ത്യ. ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട്, കുടുംബ നിയമങ്ങൾ പരിഷ്കരിക്കുന്നതു സംബന്ധിച്ച ചർച്ചാരേഖയിലാണ് ക്രൈസ്തവ സമുദായത്തിലെ കൂദാശാപരമായ കാര്യത്തിൽ‍ കമ്മിഷന്റെ അഭിപ്രായ പ്രകടനം.

ഏക വ്യക്തി നിയമം നടപ്പാക്കുക ഉചിതമല്ലെന്നും പകരം വ്യക്തിനിയമങ്ങളിലെ ഭരണഘടനാ വിരുദ്ധ വ്യവസ്ഥകൾ ഒഴിവാക്കുകയാണു വേണ്ടതെന്നുമാണ് കമ്മിഷൻ ചർച്ചാരേഖയിൽ പറയുന്നത്. അന്തിമ നിലപാടായല്ല, വ്യക്തിനിയമങ്ങൾ സംബന്ധിച്ച ചർച്ചയ്ക്കുള്ള ആദ്യ പടിയായാണ് കമ്മിഷന്റെ അഭിപ്രായപ്രകടനം. കമ്മിഷന്റെ കാലാവധി കഴിഞ്ഞ 31ന് അവസാനിച്ചു. നിലവിലെ കുമ്പസാര രീതിക്കെതിരെ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ അഭിപ്രായം പറഞ്ഞതു വിവാദമായിരുന്നു. വനിതാ കമ്മിഷന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ച കമ്മിഷൻ, തങ്ങളുടെ പരിഗണനയിൽ പെടാത്ത വിഷയത്തെക്കുറിച്ച് ചർച്ചാരേഖയിൽ പറയുന്നത് ഇങ്ങനെ:

∙ പൊതു ചർച്ചയിൽ ഉയർന്നുവരുന്ന വിഷയങ്ങൾ പലതും നിയമംവഴി കൈകാര്യം ചെയ്യാവുന്നതല്ല. കുമ്പസാരം നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന് കേരളത്തിൽ ഒരു പീഡന കേസിന്റെ പശ്ചാത്തലത്തിൽ ആവശ്യമുയർന്നു. അത് എടുത്തുചാടിയുള്ള പ്രതികരണമായിരുന്നു. കുമ്പസാരം ക്രിമിനൽ നടപടിയല്ല, അതിനെ ചില വൈദികർ ദുരുപയോഗിക്കുന്നതാണ് തടയേണ്ടത്.

∙ കുമ്പസാരിപ്പിക്കാൻ‍ കന്യാസ്ത്രീകളെ അനുവദിക്കുകയെന്നതു പുരോഗമനപരവും യുക്തിസഹവുമായ അഭിപ്രായമാണ്. ഇത് നിയമത്തിലൂടെയല്ല, സമുദായത്തിലെ അഭിപ്രായ ഐക്യത്തിലൂടെയാണ് നടപ്പാക്കേണ്ടത്. ഏക വ്യക്തിനിയമത്തെക്കുറിച്ച് കമ്മിഷൻ പറയുന്നത്:

∙ വിഷയം വിശാലം; പ്രത്യാഘാതങ്ങൾ വിലയിരുത്തപ്പെട്ടിട്ടില്ല

∙ വ്യക്തിനിയമങ്ങളുടെ വൈവിധ്യം സംരക്ഷിക്കുക; അവ മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുക

∙ ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനുള്ള ആദ്യ തടസ്സം അസം, നാഗാലാൻഡ്, മിസോറം, ആന്ധ്ര പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ കുടുംബ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള ഭരണഘടനാപരമായ ഇളവുകളാണ്.

∙ ഏക വ്യക്തിനിയമം ദേശീയോദ്ഗ്രഥനത്തിനു സഹായിക്കുമെന്നു ചിലർ വാദിക്കുന്നു. എന്നാൽ, സംസ്കാരപരമായ വൈവിധ്യവും സ്വത്വവും സംരക്ഷിക്കപ്പെടുന്നത് അഖണ്ഡത ഉറപ്പാക്കാൻ സഹായകമാകാം.