ന്യൂഡൽഹി∙ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പു നടത്തണമെങ്കിൽ 4500 കോടിയിലേറെ രൂപ വേണ്ടിവരുമെന്നു നിയമ കമ്മിഷൻ. ഒരുമിച്ചുള്ള തിരഞ്ഞെടുപ്പു സംബന്ധിച്ച കമ്മിഷന്റെ കരടു റിപ്പോർട്ടിൽ, തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ടാണു തുകയുടെ കാര്യം പറയുന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു 10.60 ലക്ഷം പോളിങ് സ്റ്റേഷനുകൾ വേണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നത്. ലോക്സഭ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ 12.9 ലക്ഷം ബാലറ്റ് യൂണിറ്റുകളുടെയും 9.4 ലക്ഷം കൺട്രോൾ യൂണിറ്റുകളുടെയും കുറവുണ്ട് (ഇവ രണ്ടും ചേർന്നതാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ).
ഇതിനു പുറമേ 12.3 ലക്ഷം വിവിപാറ്റുകളും വേണം. ഇത്രയും യന്ത്രങ്ങൾക്കുള്ള ചെലവ് 4555 കോടി രൂപയാകുമെന്ന് കരടു റിപ്പോർട്ടിൽ പറയുന്നു.