ന്യൂഡൽഹി ∙ എച്ച്ഐവി – എയ്ഡ്സ് ബാധിതർക്കു ചികിൽസയും അവകാശസംരക്ഷണവും ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിലാക്കി സർക്കാർ വിജ്ഞാപനമിറക്കി. എച്ച്‌ഐവി – എയ്‌ഡ്‌സ് (നിയന്ത്രണ, നിരോധന) ബിൽ കഴിഞ്ഞവർഷം ഏപ്രിലിലാണു പാർലമെന്റ് പാസാക്കിയത്. നിയമം പ്രാബല്യത്തിലാക്കാത്തതിനെ കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ചോദ്യംചെയ്തിരുന്നു.
നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:
∙ എച്ച്‌ഐവി – എയ്‌ഡ്‌സ് ബാധിതരോടു ജീവിച്ചിരിക്കുമ്പോഴും മരണശേഷവുമുള്ള വിവേചനത്തിനു നിരോധനം.
∙ ശവസംസ്‌കാരത്തിനു ചടങ്ങുകൾ നിഷേധിക്കുക, സംസ്‌കാരത്തിനു സ്‌ഥലം നിഷേധിക്കുക, പൊതുസ്‌ഥലങ്ങളിൽ പ്രവേശനം നിഷേധിക്കുക, പൊതുവഴിയും കുളിസ്‌ഥലങ്ങളും ഉപയോഗിക്കുന്നതു നിഷേധിക്കുക, സ്‌കൂളിൽ പ്രവേശനം നൽകാതിരിക്കുക തുടങ്ങിയവ വിവേചനമായി കണക്കാക്കും.
∙ എച്ച്‌ഐവി പോസിറ്റിവ് ആയ വ്യക്‌തികൾക്കെതിരെ വെറുപ്പു പ്രചരിപ്പിക്കുന്നവർക്കു രണ്ടു വർഷംവരെ തടവുശിക്ഷയും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കാം.
∙ എച്ച്‌ഐവി പോസിറ്റിവ് ആയവർക്കു മാത്രമല്ല, അവർക്കൊപ്പമുള്ളവർക്കും സംരക്ഷണം. എച്ച്‌ഐവി ബാധിതരോ ബാധിതരുടെ മക്കളോ ആയ കുട്ടികൾക്കു പ്രത്യേക പരിഗണനയും സംരക്ഷണവും.
∙ എച്ച്‌ഐവി – എയ്‌ഡ്‌സ് ബാധിത കുടുംബത്തിലെ 12 വയസ്സിൽ കൂടുതലുള്ള കുട്ടിക്കു സ്‌കൂൾ പ്രവേശനം, ബാങ്ക് അക്കൗണ്ട് തുറക്കൽ, സ്വത്തു കൈകാര്യം ചെയ്യൽ തുടങ്ങിയവയിൽ മറ്റു കുട്ടികളുടെ രക്ഷാകർത്താവായി പ്രവർത്തിക്കാൻ അവകാശം നൽകും.
∙ സാധാരണഗതിയിൽ, ബോധ്യപ്പെട്ടുള്ള സമ്മതത്തോടെ മാത്രമേ എച്ച്‌ഐവി പരിശോധന പാടുള്ളൂ. കോടതിയുടെ ഉത്തരവോടെയല്ലാതെ, എച്ച്ഐവി സ്ഥിതി വെളിപ്പെടുത്താൻ ആരോടും ആവശ്യപ്പെടരുത്.