Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ഐവി പ്രതിരോധ വ്യവസ്ഥയെ ദുർബലമാക്കുന്നതെങ്ങനെ? പഠനവുമായി ഗവേഷകർ

HIV

ലണ്ടൻ∙ എയ്ഡ്സിനു കാരണമായ എച്ച്ഐവി വൈറസ് മനുഷ്യശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ദുർബലമാക്കുന്നത് എങ്ങനെയെന്നു പഠനം. അയർലൻഡിലെ ട്രിനിറ്റി കോളജ് ഗവേഷകരാണു പഠനത്തിനു നേതൃത്വം നൽകിയത്. എയ്ഡ്സ് ചികിൽസാരംഗത്തു പുതിയ രീതികൾക്കു തുടക്കമിടുന്നതാകും പഠനമെന്നു വിലയിരുത്തപ്പെടുന്നു.

ശരീരത്തിൽ വൈറസ് ബാധയുണ്ടായാൽ ചെറുക്കാനായി ഇന്റർഫെറോൺ എന്ന കരുത്തുറ്റ തന്മാത്രയെ ശരീരം സൃഷ്ടിക്കും. തുടർന്നു വൈറസുകളെ ചെറുക്കാനുള്ള പ്രത്യേക വസ്തുക്കൾ ഉൽപാദിപ്പിക്കാൻ ഇന്റർഫെറോൺ നിർദേശം നൽകും. താമസിയാതെ വൈറസിനെ കീഴ്പ്പെടുത്തുകയും ചെയ്യും.

എന്നാൽ, എച്ച്ഐവി വൈറസിനെ എത്ര ശ്രമിച്ചാലും പൂർണമായി ഒഴിവാക്കാൻ സാധിക്കില്ല. ഈ പ്രതിഭാസത്തിന് ഇന്റർഫെറോണുമായി ബന്ധമുണ്ടോ എന്ന അന്വേഷണമാണു ഗവേഷകരെ പുതിയ നിഗമനങ്ങളിലേക്കു നയിച്ചത്.

ഇന്റർഫെറോൺ നിർദേശം കൊടുക്കുന്ന സംവിധാനം തകരാറിലാക്കിയാണ് എച്ച്ഐവി വൈറസുകൾ അപ്രമാദിത്വം നേടുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇതുമൂലം വൈറസിനെ ചെറുക്കാനുള്ള വസ്തുകൾ ഉണ്ടാക്കാൻ പ്രതിരോധ സംവിധാനത്തിനു കഴിയാതെവരും.