ചെന്നൈ∙ ഗർഭിണിയായിരിക്കെ കയറ്റിയ രക്തത്തിൽനിന്നു തനിക്ക് എച്ച്ഐവിയുണ്ടായെന്ന ആരോപണവുമായി യുവതി രംഗത്ത്. കില്‍പൗക് മെഡിക്കല്‍ കോളജില്‍ വച്ചു രക്തം സ്വീകരിച്ചതിനുശേഷമാണ് എച്ച്ഐവി അണുബാധയുണ്ടായതെന്നു രേഖകള്‍ സഹിതം തെളിയിക്കുകയാണു ചെന്നൈ മാങ്കട സ്വദേശിനിയായ മുപ്പതുകാരി. തമിഴ്നാട് വിരുദു നഗറില്‍ ഗര്‍ഭിണിക്ക് എച്ച്ഐവി രക്തം നല്‍കിയതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണു സമാന ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്തുവരുന്നത്. പരാതി നല്‍കിയിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയില്ലെന്നു യുവതി മനോരമ ന്യൂസിനോടു പറഞ്ഞു.
ആശുപത്രിയില്‍നിന്നു കയറ്റിയത് എച്ച്ഐവി രക്തമാണെന്നു തെളിയിക്കാന്‍ പറ്റും. പരിശോധന നടത്താതെയാണു കയറ്റിയത്. അവിടെ ഡോക്ടര്‍മാർ വരില്ല. എംബിബിഎസിനു പഠിക്കുന്നവരാണ് അതു ചെയ്തത്. ഡോക്ടര്‍മാരാണ് ഇതിനെല്ലാം കാരണക്കാരെന്നും യുവതി ആരോപിക്കുന്നു. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളിലെ അനാസ്ഥയാണു രണ്ടു മക്കളുടെ അമ്മയായ യുവതി മുന്നോട്ടു വയ്ക്കുന്ന രേഖകളില്‍നിന്നു കൂടുതല്‍ വ്യക്തമാകുന്നത്. യുവതിയുടെ നാടായ മാങ്കാടുള്ള ആശുപത്രിയില്‍ നാലാം മാസം രക്തം പരിശോധിച്ചപ്പോള്‍ എച്ച്ഐവി നെഗറ്റീവായിരുന്നു.
പിന്നീട് ഹീമോഗ്ലോബിന്‍റെ കുറവു കാരണം അഞ്ചാം മാസം കില്‍പോക്ക് മെഡിക്കല്‍ കോളജിലെത്തി രണ്ടു യൂണിറ്റ് രക്തം കയറ്റി. തുടര്‍ന്നുള്ള മാസങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. എട്ടാം മാസം രക്തം പരിശോധിച്ചപ്പോള്‍ റിസള്‍ട്ട് പോസിറ്റീവായിരുന്നു. ഭര്‍ത്താവിന്‍റേതു നെഗറ്റീവും. പ്രസവശേഷം ദുരിതമേറി. സംഭവം മറച്ചുവെക്കാന്‍ പറഞ്ഞ കുടുംബക്കാര്‍ പിന്നീടു തിരിഞ്ഞു നോക്കിയില്ല.
ഇപ്പോൾ കുടുംബാംഗങ്ങളാരും വീട്ടിലേക്കു വരാറേയില്ല. സമൂഹത്തില്‍ ഒറ്റപ്പെടുത്തി. എന്‍റെ മക്കള്‍ അനാഥരായി വളരണമെന്നാണോ? സര്‍ക്കാര്‍ സഹായിക്കണം. അതിനാണു തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും നിസഹായതയോടെ യുവതി പറഞ്ഞു. രക്തം കയറ്റിയതിനുശേഷം ജനിച്ച കുട്ടിക്കിപ്പോള്‍ നാലു മാസം പ്രായം. ആദ്യ പരിശോധനയില്‍ എച്ച്ഐവി ഇല്ല. പക്ഷേ ആറാം മാസവും ഒരു വയസ്സിലും ഒന്നര വയസിലും നടത്തുന്ന പരിശോധന കൂടി നെഗറ്റീവാകണം. ഉന്തുവണ്ടിയില്‍ പച്ചക്കറി വിറ്റു ജീവിക്കുന്ന കുടുംബം നിസ്സഹായരായി നില്‍ക്കുകയാണ്. അതേസമയം യുവതിയുടെ ആരോപണങ്ങള്‍ കില്‍പോക് മെഡിക്കല്‍ കോളജ് തള്ളി.