‘സ്വച്ഛതാ ഹി സേവാ’ ശുചിത്വഭാരതപരിപാടി ഇന്നു മുതൽ

ന്യൂഡൽഹി∙ ശുചിത്വഭാരതം എന്ന ലക്ഷ്യവുമായി രണ്ടാഴ്ചത്തെ ‘സ്വച്ഛതാ ഹി സേവാ’ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഗാന്ധിജിയുടെ 150–ാം ജന്മവാർഷിക ആഘോഷങ്ങൾക്കും ഇതോടെ തുടക്കമാകും. ഗാന്ധിജയന്തിയായ ഒക്ടോബർ രണ്ടിനാണു സമാപനം.

ഇന്ന് 9.30നു പ്രധാനമന്ത്രി രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വിഡിയോ കോൺഫറൻസ് വഴി ആശയസംവാദം നടത്തും. രാജ്യത്തെ 20 കോടി ജനങ്ങൾ സ്വച്ഛതാ ഹി സേവയിൽ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കണമെന്നഭ്യർഥിച്ചു പ്രധാനമന്ത്രി വിവിധ മേഖലയിലെ രണ്ടായിരം പ്രമുഖർക്കു കത്തെഴുതുകയും ചെയ്തിരുന്നു. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കുചേരുന്ന പരിപാടി ബാപ്പുവിനു നൽകാവുന്ന ഏറ്റവും മികച്ച ഉപഹാരമാണെന്നു മോദി വിശേഷിപ്പിച്ചിരുന്നു.